News

ക്രിപ്‌റ്റോ നിയമലംഘനം: 20 കോടി രൂപ വരെ പിഴ അല്ലെങ്കില്‍ 1.5 വര്‍ഷം തടവ്

ക്രിപ്‌റ്റോകറന്‍സികളുടെ മേല്‍നോട്ടം വഹിക്കാന്‍ ഇന്ത്യ സെബിയെ നിയമിക്കുന്ന കാര്യം പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ക്രിപ്റ്റോകളെ സാമ്പത്തിക ആസ്തികളായി പരിഗണിക്കുന്നതിനാല്‍ അത്തരത്തില്‍ നിയമങ്ങളും കടുപ്പിച്ചേക്കുമെന്നാണ് അറിയുന്നത്. ക്രിപ്റ്റോ നിയമങ്ങള്‍ കടുപ്പിക്കുമ്പോള്‍ 20 കോടി രൂപ വരെ പിഴ ഇട്ടേക്കാവുന്ന കുറ്റകൃത്യമായേക്കുമെന്നും ഇത്തരത്തിലുള്ള വിവിധ നിര്‍ദേശങ്ങള്‍ പരിഗണനയിലാണെന്നും ദേശീയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഏതെങ്കിലും നിയമലംഘകര്‍ക്ക് 200 മില്യണ്‍ രൂപ (2.7 മില്യണ്‍ ഡോളര്‍) പിഴയോ 1.5 വര്‍ഷം തടവോ ലഭിച്ചേക്കാം. നിലവില്‍ ഇത്തരം ക്രിപ്റ്റോയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഒന്നും തന്നെ ഇന്ത്യയില്‍ നടപ്പാക്കിയിട്ടില്ല. ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാന്‍ ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും സംയോജിത പ്രവര്‍ത്തനങ്ങളിലാണെങ്കിലും അതിനും നിയമ സാധുത കൈവരിക്കേണ്ടതുണ്ട്. ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ക്രിപ്റ്റോ ആസ്തികള്‍ ഉള്‍ക്കൊള്ളുന്ന നിയമനിര്‍മാണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ക്രിപ്‌റ്റോ ഉടമകള്‍ക്ക് അവരുടെ ആസ്തികള്‍ പ്രഖ്യാപിക്കാനും പുതിയ നിയമങ്ങള്‍ പാലിക്കാനും ഒരു സമയപരിധി നല്‍കുമെന്നും ചില വൃത്തങ്ങളില്‍ നിന്നും റോയിട്ടേഴ്സ് ഉള്‍പ്പെടെയുള്ള ന്യൂസ് ഏജന്‍സികള്‍ വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്.

Author

Related Articles