News

ക്രിപ്റ്റോകറന്‍സിയും എന്‍എഫ്ടിയും നികുതി പരിധിയിലേക്ക്; ജിഎസ്ടിയും ബാധകമാകും

ക്രിപ്റ്റോകറന്‍സി, എന്‍എഫ്ടി എന്നിവ വ്യാപകമായതോടെ ബ്ലോക്ക്ചെയിന്‍ സംവിധാനമൊട്ടാകെ നികുതി വലയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ വീണ്ടും ശ്രമം തുടങ്ങി. വാണിജ്യാവശ്യത്തിനുള്ള ബ്ലോക്ക്ചെയിന്‍ ഇടപാടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നകാര്യമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ക്രിപ്റ്റോകറന്‍സികള്‍ ഉള്‍പ്പടെയുള്ളവയിലെ ഇടപാടുകള്‍ നിയന്ത്രിക്കുന്നതിനും രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നതിനുമുള്ള നിര്‍ദിഷ്ട് ബില്ല് സര്‍ക്കാരിന്റെ പരിഗണനയിലാണ്.

പുതിയ ബില്ല് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിപ്റ്റോ കറന്‍സികള്‍ക്ക് ജിഎസ്ടി ചുമത്തുന്നതോടൊപ്പം എന്‍എഫ്ടികളിന്മേല്‍ വരുമാന നഷ്ടമുണ്ടാകാതരിക്കാനായി ഇതേക്കുറിച്ച് പഠിക്കാന്‍ ടാക്സ് റിസര്‍ച്ച് യൂണിറ്റിനെ ചുമതലപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളത്.

കൈമാറ്റം, സൂക്ഷിപ്പ്, വിതരണം, ഇടപാട് എന്നിവയെയെല്ലാം സേവനമായി കണക്കാക്കിയാകും ജിഎസ്ടിക്കുകീഴില്‍ കൊണ്ടുവരിക. ക്രിപ്റ്റോകറന്‍സി ഇടപാട് വ്യാപകമായപ്പോള്‍ 2018ല്‍ സമാനമായ നികുതി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു.  രാജ്യത്ത് യുവാക്കള്‍ ഉള്‍പ്പടെയുള്ള വലിയൊരു വിഭാഗം ഇതിനകംതന്നെ ക്രിപ്റ്റോകറന്‍സികളില്‍ നിക്ഷേപം നടത്തുന്നുണ്ട്. ആറ് ലക്ഷം കോടി രൂപയുടെ ഇടപാട് ഈ മേഖലയില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ ലെഡ്ജറില്‍ സൂക്ഷിക്കുന്ന ഡാറ്റയാണ് എന്‍എഫ്ടി. കലാമൂല്യമുള്ള (സര്‍ട്ടിഫിക്കറ്റ് ഉള്ള) എന്‍എഫ്ടികള്‍ ഉടമസ്ഥനുമാത്രം അവകാശപ്പെട്ടതുമായിരിക്കും. അതുകൊണ്ടുതന്നെ കൈമാറ്റം ചെയ്യാന്‍ കഴിയില്ല. ഫോട്ടോ, വീഡിയോ, ഓഡിയോ തുടങ്ങിയ വിവിധതരം ഡിജിറ്റല്‍ ഫലയലുകളെ എന്‍എഫ്ടി ടോക്കണുകളാക്കിമാറ്റാം. ബ്ലോക്ക് ചെയിനില്‍ സൂക്ഷിക്കുന്ന ഇത്തരം കലാസൃഷ്ടി എന്‍എഫ്ടി ടോക്കണുകളാക്കി ഉടമസ്ഥാവകാശം സുരക്ഷിതമാക്കാമെന്നതാണ് പ്രത്യേകത. ആന്തരിക മൂല്യമുണ്ടാകുമെങ്കിലും ക്രിപ്റ്റോകറന്‍സികള്‍പോലെ എന്‍എഫ്ടികള്‍ ട്രേഡ് ചെയ്യാന്‍ കഴയില്ല.

News Desk
Author

Related Articles