News

ഡ്യൂട്ടിഫ്രീ മദ്യത്തിന്റെ തോത് വെട്ടിക്കുറയ്ക്കുന്നു; വിമാന നിരക്ക് ഉയര്‍ന്നേക്കും

ദില്ലി: ഡ്യൂട്ടിഫ്രീ ഷോപ്പുകളില്‍ നിന്ന് തീരുവയില്ലാതെ വാങ്ങാവുന്ന മദ്യത്തിന്റെ തോത് വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി.വിദേശയാത്ര കഴിഞ്ഞ് രാജ്യത്തേക്ക് തിരികെയെത്തുന്നവര്‍ക്ക് നിലവില്‍ രണ്ട് കുപ്പി മദ്യം കൊണ്ടുവരാം. എന്നാല്‍ ഇത് ഒരു കുപ്പിയായി വെട്ടിക്കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. കൂടാതെ 100 സിഗററ്റ് കുറ്റികള്‍ തീരുവ ഇല്ലാതെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാങ്ങാമായിരുന്നു,എന്നാല്‍ ഇവയും വെട്ടിക്കുറയ്ക്കാനാണ് ധാരണ. കൂടാതെ തീരുവ ഇല്ലാതെ വാങ്ങാവുന്ന സാധനങ്ങളുടെയും ഗിഫ്റ്റുകളുടെയും പരിധിയും വെട്ടിച്ചുരുക്കാനും നിര്‍ദേശമുണ്ട്. അരലക്ഷം രൂപയുടെ ഗിഫ്റ്റുകളും സാധനങ്ങളും തീരുവ ഇല്ലാതെ വാങ്ങാം. വാണിജ്യമന്ത്രാലയമാണ് ഈ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ബജറ്റില്‍ തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. അങ്ങിനെ സംഭവിച്ചാല്‍ വിമാനതാവളങ്ങളുടെ വരുമാനത്തിന് കനത്ത തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തല്‍.  അതേസമയം ഈ തീരുമാനത്തിന് എതിരെ  

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും (എഎഐ) സ്വകാര്യ എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരും കേന്ദ്രസര്‍ക്കാരിനെ സമീപിച്ചേക്കും. കാരണം മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനനഷ്ടമുണ്ടായാല്‍ എയര്‍ലൈനുകളുടെ ലാന്റിങ്,പാര്‍ക്കിങ് ചാര്‍ജുകള്‍ വഴിയായിരിക്കും നഷ്ടം നികത്തുക. ഇത് വിമാനയാത്ര ചെലവുള്ളതാക്കി മാറ്റുമെന്നും കമ്പനികള്‍ അറിയിച്ചു. കാരണം ലാന്‍ഡിംഗ്, പാര്‍ക്കിംഗ്, ഡ്യൂട്ടി ഫ്രീ സെയില്‍സ്, റെസ്റ്റോറന്റുകള്‍ എന്നിവ പോലുള്ള എയറോനോട്ടിക്കല്‍ പ്രവര്‍ത്തനങ്ങള്‍ പോലുള്ള എല്ലാ എയറോനോട്ടിക്കല്‍ ചെലവുകളും കണക്കിലെടുത്താണ് എയര്‍പോര്‍ട്ട് ചാര്‍ജുകള്‍ നിര്‍ണ്ണയിക്കുന്നത്.

ലാന്റിങ് ഫീസിലോ പാര്‍ക്കിങ് ചാര്‍ജോ ഉയര്‍ത്തിയാല്‍ ഉടന്‍ വിമാനയാത്രാ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയാണ് ചെയ്യേണ്ടി വരികയെന്ന് സ്വകാര്യ വിമാനത്താവള ഓപ്പറേറ്റര്‍മാരുടെ ഗ്രൂപ്പായ അസോസിയേഷന്‍ ഓഫ് പ്രൈവറ്റ് എയര്‍പോര്‍ട്ട് ഓപ്പറേറ്റേഴ്‌സ് സെക്രട്ടറി  ജനറല്‍ സത്യനായര്‍ അറിയിച്ചു.രാജ്യത്തെ വിമാനത്താവളങ്ങളിലെ ഏകീകൃത ഡ്യൂട്ടി ഫ്രീ വില്‍പന ഏകദേശം 500 ദശലക്ഷം ഡോളര്‍ വരും. ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ റീട്ടെയില്‍, ഡ്യൂട്ടി ഫ്രീ വില്‍പ്പനയില്‍ നിന്ന് 30 ശതമാനവും എയറോനോട്ടിക്കല്‍ ഇതര വരുമാനത്തിന്റെ 15 ശതമാനവും നേടുന്നുണ്ട്.

 

Author

Related Articles