News

വിദേശ വ്യാപാര നയം സെപ്തംബര്‍ 30 വരെ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി: നിലവിലെ വിദേശ വ്യാപാര നയം സെപ്തംബര്‍ 30 വരെ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കയറ്റുമതി ശക്തിപ്പെടുത്താനും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും ജോലി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് വിദേശ വ്യാപാര നയം.

2015 മുതല്‍ 2020 വരെയുള്ളതായിരുന്നു ഈ വിദേശ വ്യാപാര നയം. 2020 മാര്‍ച്ച് 31 ന് അവസാനിക്കേണ്ടിയിരുന്ന ഈ നയം ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു. ഇതാണ് ഇപ്പോള്‍ സെപ്തംബര്‍ അവസാനം വരെ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കയറ്റുമതിയില്‍ ഫെബ്രുവരി വരെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെ 12.23 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. 256 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. ഇറക്കുമതിയും ഇതേ കാലത്ത് ഇടിഞ്ഞു. 23.11 ശതമാനമാണ് ഇടിവ്. 340.8 ബില്യണ്‍ ഡോളറാണ് ഇറക്കുമതി മൂല്യം. ഇതോടെ വ്യാപാര കമ്മി 84.62 ബില്യണ്‍ ഡോളറായി.

Author

Related Articles