News

പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി വിഹിതം 51 ശതമാനമായി കുറയ്ക്കാന്‍ ആര്‍ബിഐ നിര്‍ദ്ദേശം

മുംബൈ: ആറ് പ്രമുഖ പൊതുമേഖലാ ബാങ്കുകളിലെ (പിഎസ്ബി) സര്‍ക്കാരിന്റെ ഓഹരി അടുത്ത 12 മുതല്‍ 18 മാസത്തിനുള്ളില്‍ 51 ശതമാനമായി കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) നിര്‍ദ്ദേശിച്ചു. ഇത് സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ ശ്രമങ്ങള്‍ക്ക് ആവശ്യമായ മുന്നേറ്റം നല്‍കുമെന്നാണ് റിസര്‍വ് ബാങ്ക് കണക്കാക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), ബാങ്ക് ഓഫ് ബറോഡ (ബോബ്), കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഇതിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. ''സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം ക്രിയാത്മകമായി എടുത്തിട്ടുണ്ട്,'' ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പിഎസ്ബികളിലെ ഓഹരി വിഹിതം കുറയ്ക്കാന്‍ സര്‍ക്കാരിന് ആലോചനയുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് 51 ശതമാനം നിയന്ത്രിത ഓഹരി ഏറ്റെടുക്കേണ്ടി വന്ന ഐഡിബിഐ ബാങ്കിന്റെ കാര്യത്തിലെ സമാനമായ രീതിയിലുളള നടപടികളിലേക്കും ഓഹരി വില്‍പ്പന എത്തിയേക്കുമെന്നും സൂചനകളുണ്ട്. പിഎസ്ബികളിലെ സര്‍ക്കാര്‍ ഓഹരി 26 ശതമാനമായി കുറയ്ക്കണമെന്ന് റിസര്‍വ് ബാങ്ക് അടുത്തിടെ നടത്തിയ യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഇത്ര ഉയര്‍ന്ന തോതിലുളള ഓഹരി വില്‍പ്പന സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

News Desk
Author

Related Articles