News

സൈബര്‍ സെക്യൂരിറ്റി നല്‍കും തൊഴില്‍ സെക്യൂരിറ്റി!; സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ക്ക് വന്‍ തൊഴിലവസരങ്ങള്‍; 98 ശതമാനം തൊഴില്‍ വര്‍ധനവ്

ബംഗലൂരു: സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ക്ക് രാജ്യത്ത് വന്‍ ഡിമാന്റ്. ഇന്ത്യയില്‍ ഡിജിറ്റലൈസേഷന്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന മേഖലയാണ് സൈബര്‍ സെക്യൂരിറ്റി. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ഈ രംഗത്തെ തൊഴിലവസരങ്ങള്‍ 98 ശതമാനം കൂടിയെന്ന് റിപ്പോര്‍ട്ട്.

മൂന്നിലൊന്ന് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഡാറ്റ സംബന്ധമായ ഭീഷണികള്‍ നേരിടുന്നുണ്ട്. ഇത് സൈബര്‍ സെക്യൂരിറ്റി വിദഗ്ധരുടെ ആവശ്യകത കൂട്ടുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് സൈബര്‍ സെക്യൂരിറ്റി തൊഴിലുകളുടെ എണ്ണത്തില്‍ 98 ശതമാനം വര്‍ധനയുണ്ടായതായി ജോബ് സെര്‍ച്ച് പ്ലാറ്റ്ഫോമായ ഇന്‍ഡീഡിന്റെ റിപ്പോര്‍ട്ട്. സെക്യൂരിറ്റി സ്പെഷലിസ്റ്റ്, ഐറ്റി അനലിസ്റ്റ് തുടങ്ങിയ ജോലികള്‍ക്കുള്ള സെര്‍ച്ചില്‍ 73 ശതമാനം വര്‍ധനയുണ്ടായതായും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ബംഗലൂരു, പൂനെ, ഹൈദരബാദ് എന്നിവിടങ്ങളിലാണ് ഈ ജോലികള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. ലിങ്ക്ഡിന്‍ എമേര്‍ജിംഗ് ജോബ്സ് 2020 റിപ്പോര്‍ട്ടിലും ഇന്ത്യയിലെ ജോലികളില്‍ സൈബര്‍ സെക്യൂരിറ്റി സ്പെഷലിസ്റ്റ് മുന്‍നിരയില്‍ എത്തിയിരുന്നു. 2022ഓടെ സൈബര്‍ സെക്യൂരിറ്റിയിലെ തൊഴിലവസരങ്ങള്‍ 1.8 മില്യണ്‍ ആകുമെന്ന് സെന്റര്‍ ഫോര്‍ സൈബര്‍ സേഫ്റ്റി & എഡ്യൂക്കേഷന്‍ പ്രതീക്ഷിക്കുന്നു.

ഈ രംഗത്തെ ശരാശരി വേതനത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. സെക്യൂരിറ്റി വിദഗ്ധന്റെ ശരാശരി വാര്‍ഷിക വേതനം 889,265 രൂപയാണ്. ഐറ്റി സെക്യൂരിറ്റി വിദഗ്ധന്‍, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ് തുടങ്ങിയ പ്രൊഫഷണലുകളുടെ വാര്‍ഷിക വേതനം യഥാക്രമം 807,170 രൂപ, 459,304 രൂപ എന്നിങ്ങനെയാണ്. കഴിവുള്ളവരുടെ അഭാവം തീര്‍ച്ചയായും ഉണ്ട്. അവര്‍ക്ക് നല്ല പരിശീലനത്തിന്റെ ആവശ്യമുണ്ട്. അതിനായി പല സ്ഥാപനങ്ങളും നിലവിലുണ്ടെങ്കിലും അവര്‍ കഴിവ് വികസിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പാഠ്യപദ്ധതി ആവിഷ്‌കരിക്കേണ്ടത് ആവിശ്യമാണ് എന്ന് പിഎംഒയുടെ മുന്‍ സൈബര്‍ സെക്യൂരിറ്റി അഡൈ്വസര്‍ പറഞ്ഞു.

News Desk
Author

Related Articles