News

ലോകത്താകമാനമുള്ള എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടെ ഒരാഴ്ച അവധി നല്‍കി ഈ ഡേറ്റിംഗ് ആപ്പ്

ഓസ്റ്റിന്‍: ഡേറ്റിംഗ് ആപ്പായ ബംബിള്‍ തങ്ങളുടെ ലോകത്താകമാനമുള്ള എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടെ ജോലിയില്‍ നിന്നും ഒരാഴ്ച ലീവ് നല്‍കി. കന്പനി ആസ്ഥാനമായ ഓസ്റ്റിന്‍, മോസ്‌കോ, ലണ്ടന്‍, ബാഴ്‌സിലോന, സ്ഡ്‌നി, മുംബൈ എന്നിവിടങ്ങളില്‍ ആപ്പിനായി ജോലി ചെയ്യുന്ന 750 പേര്‍ക്കാണ് ഒരാഴ്ച അവധി ആപ്പ് നല്‍കിയിരിക്കുന്നത്.

തങ്ങളുടെ  ആഗോളതലത്തിലുള്ള ജോലിക്കാര്‍ക്ക് മികച്ച ഒരു 'റീസ്റ്റാര്‍ട്ട്' കിട്ടാന്‍ വേണ്ടിയാണ് ശമ്പളത്തോടെ ഈ അവധി നല്‍കിയത് എന്നാണ് കന്പനി വക്താവ് എന്‍ബിസി ന്യൂസിനോട് പറഞ്ഞത്. എല്ലാവര്‍ക്കും വളരെ ബുദ്ധിമുട്ടുള്ള കാലത്ത് ഇത്തരം ഒരു അവധിയും അതില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജത്തിലൂടെ പുതിയ തുടക്കവും അത്യവശ്യമാണ്, കന്പനി വക്താവ് കൂട്ടിച്ചേര്‍ക്കുന്നു.

സ്ത്രീകളുടെ ഡേറ്റിംഗ് ആപ്പ് എന്നാണ് ബംബിള്‍ അറിയപ്പെടുന്നത്. ഈ ആപ്പില്‍ രണ്ടുപേര്‍ സംസാരിക്കാന്‍ തുടങ്ങണമെങ്കില്‍ അതില്‍ സ്ത്രീയായ വ്യക്തി മുന്‍കൈ എടുക്കണം. അതിനാല്‍ തന്നെ 'വുമണ്‍ ഫസ്റ്റ് ഡേറ്റിംഗ് ആപ്പ്' എന്നാണ് ബംബിള്‍ അറിയപ്പെടുന്നത്. ജൂണ്‍ 28വരെയാണ് ഇതിലെ ജീവനക്കാര്‍ക്ക് അവധി അനുവദിച്ചിരിക്കുന്നത്. വിറ്റ്‌നി വൂള്‍ഫ് ഹെര്‍ഡാണ് ഈ ആപ്പിന്റെ സ്ഥാപക. മുപ്പത്തിയൊന്നു വയസുകാരിയായ ഇവര്‍ ലോകത്തിലെ  ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി എന്ന പദവി കഴിഞ്ഞ ഫെബ്രുവരിയില്‍ നേടിയിരുന്നു.

Author

Related Articles