News

അക്കൗണ്ടില്‍ നിന്ന് പണം പോകുന്നത് പ്രളയ സെസ് വഴി; ബാങ്ക് സര്‍വീസ് ചാര്‍ജുകള്‍ക്ക് പ്രളയ സെസ് ഈടാക്കിത്തുടങ്ങി; അക്കൗണ്ടില്‍ നിന്ന് പണം പോയതെന്തിനെന്ന് അന്വേഷിച്ച് ഇടപാടുകാര്‍

കൊച്ചി: പ്രളയാനന്തര പുനര്‍ നിര്‍മാണത്തിന് പണം കണ്ടെത്താന്‍ ലക്ഷ്യമിട്ട് ഏര്‍പ്പെടുത്തിയ പ്രളയ സെസ് ബാങ്കുകള്‍ ഈടാക്കി തുടങ്ങി. 2018-ലെ പ്രളയത്തെ തുടര്‍ന്ന് അഞ്ച് ശതമാനത്തിനു മുകളില്‍ നികുതിയുള്ള സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും പ്രളയ സെസ് ഏര്‍പ്പെടുത്തിയിരുന്നു. 2019 ഓഗസ്റ്റ് ഒന്നുമുതല്‍ 2021 ജൂലായ് 31 വരെ ഇത് ഈടാക്കാനായിരുന്നു തീരുമാനം. എന്നാല്‍, അടുത്തിടെ മുതലാണ് ബാങ്കുകള്‍ പ്രളയ സെസ് ഈടാക്കി തുടങ്ങിയത്. സര്‍വീസ് ചാര്‍ജിന്റെ ഒരു ശതമാനമാണ് ഈ വകയില്‍ ഉപഭോക്താക്കളില്‍ നിന്നു പിടിക്കുന്നത്. 2019 ഓഗസ്റ്റ് ഒന്നുമുതലുള്ള പ്രളയ സെസാണ് ഇപ്പോള്‍ ഒരുമിച്ച് പിടിച്ചു തുടങ്ങിയിരിക്കുന്നത്.

അതേസമയം, ഇതു സംബന്ധിച്ച നിര്‍ദേശങ്ങളോ സന്ദേശങ്ങളോ നേരത്തെ നല്‍കാത്തത് ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ജീവനക്കാര്‍ക്കും ഇക്കാര്യത്തില്‍ മുന്‍കൂട്ടി അറിയിപ്പുകളോ വിശദാംശങ്ങളോ കിട്ടിയിട്ടില്ലെന്നാണ് ബാങ്കിങ് വൃത്തങ്ങള്‍ അറിയിക്കുന്നത്. അതുകൊണ്ടുതന്നെ അക്കൗണ്ടില്‍ നിന്ന് പണം പോയതെന്തിനാണെന്ന് അന്വേഷിച്ച് ചെല്ലുമ്പോള്‍ തൃപ്തികരമായ മറുപടി ലഭിക്കുന്നില്ലെന്നാണ് ഇടപാടുകാരുടെ പരാതി.

നെഫ്റ്റ് ഇടപാടുകള്‍ക്കും എ.ടി.എം. സേവനങ്ങള്‍ക്കും അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനും പരിധിയില്‍ കൂടുതലായി നടത്തുന്ന ഇടപാടുകള്‍ക്കുമെല്ലാം ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാറുണ്ട്. ബാങ്കിന്റെ സര്‍വീസ് ചാര്‍ജുകള്‍ക്കെല്ലാം ജി.എസ്.ടി. 18 ശതമാനമാണ്. ഉദാഹരണത്തിന്, ഒരു എസ്.ബി.ഐ. ഉപഭോക്താവിന്റെ പരിധിയില്‍ കവിഞ്ഞുള്ള എ.ടി.എം. ഇടപാടുകള്‍ക്ക് 23.60 രൂപയാണ് ബാങ്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുക. സര്‍വീസ് ചാര്‍ജും 18 ശതമാനം ജി.എസ്.ടി.യും ചേര്‍ന്ന തുകയാണിത്. ജി.എസ്.ടി. കിഴിച്ച് 20 രൂപയാണ് സര്‍വീസ് ചാര്‍ജ് വരുന്നത്. ഇതിന്റെ പ്രളയ സെസ് ഒരു ശതമാനം എന്നുപറയുന്നത് 20 പൈസ ആയിരിക്കും.

Author

Related Articles