News

ബ്രിട്ടന്‍ ക്യാഷ് ലെസ് ആയി മാറാന്‍ തടസം മോദിയുടെ നോട്ടു നിരോധനം; ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണം പരാജയമെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി; നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചെന്ന് വിലയിരുത്തല്‍

കവന്‍ട്രി: 2016 നവംബര്‍ എട്ട്. ഇന്ത്യന്‍ സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് ഭൂമികുലുക്കം സൃഷ്ടിച്ചാണ് പ്രധാനമന്ത്രി രാജ്യത്തു നോട്ട് നിരോധന വാര്‍ത്ത പുറത്തു വിട്ടത്. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചു പകരം പുതിയ നോട്ടുകള്‍ ഇറക്കുന്ന തീരുമാനത്തിന്റെ ഭാഗമായുള്ള പ്രഖ്യാപനം. അതിനെ തുടര്‍ന്ന് മാസങ്ങളോളം പല തരം ചര്‍ച്ചകള്‍ ഇന്ത്യയില്‍ ഉണ്ടായി. കള്ളപ്പണം ഇല്ലാതാക്കുന്നത് മുതല്‍ തീവ്രവാദികള്‍ക്ക് പണം ലഭിക്കുന്ന സ്രോതസ് ഇല്ലാതാക്കുക അടക്കമുള്ള കാര്യങ്ങള്‍ രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറഞ്ഞു.

അതല്ല, ഇന്ത്യയെ പടിപടിയായി ക്യാഷ്ലെസ് സാമ്പത്തിക ശക്തിയാക്കുകയാണ് ലക്ഷ്യമെന്ന് ധനകാര്യ വിദഗ്ധര്‍ വാദിച്ചു. ഇതിനെ എതിര്‍ക്കാന്‍ എത്തിയവര്‍ ചൂണ്ടിക്കാട്ടിയത് ഇന്നും മലവിസര്‍ജ്ജനത്തിനു തുറസായ പറമ്പുകള്‍ ആശ്രയിക്കുന്ന രാജ്യത്താണോ മോദിയുടെ ക്യാഷ് ലെസ് പരിഷ്‌കാരം എന്ന ചോദ്യമായിരുന്നു. എന്നാല്‍ നോട്ട് നിരോധനം ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നു ഒടുവില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് പോലും സൂചനയുണ്ടായി. പലവട്ടം ആര്‍ബിഐ ഗവര്‍ണര്‍മാര്‍ മാറേണ്ടി വന്നു. ഉദ്ദേശിച്ച വിധം കള്ളപ്പണം പിടിക്കാനായില്ല.

പുതിയ നോട്ടുകളുടെ മൂല്യത്തിന് ഏറെക്കുറെ തുല്യമാകും വിധം നിരോധിച്ച പഴയ നോട്ടുകള്‍ ആര്‍ബിഐയില്‍ മടങ്ങിയെത്തി. ഏറെപ്പേരുടെ മരണത്തിനു പോലും നോട്ട് നിരോധനം നേരിട്ടും അല്ലാതെയും കാരണമായി. തുഗ്ലക് പരിഷ്‌ക്കാരമെന്നു രാഷ്ട്രീയ എതിരാളികള്‍ കൂക്കിവിളിച്ചു. ഇന്നും ഈ പരിഷ്‌ക്കാരത്തിന്റെ ഗുണദോഷങ്ങള്‍ ഇന്ത്യയില്‍ ചര്‍ച്ചാവിഷയമാണ്.

ഒടുവില്‍, ഇപ്പോഴിതാ അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും പുറത്തിറങ്ങുന്ന ക്വാര്‍ട്ടര്‍ലി ജേണല്‍ ഓഫ് ഇക്കണോമിക്സും മോദിയുടെ മോഡിഫിക്കേഷന്‍ അത്ര വിജയമായില്ലെന്നു തുറന്നു പറയുന്നു. അടുത്ത ഒന്‍പതു വര്‍ഷത്തിനുള്ളില്‍ കാഷ്ലെസ്സ് ഇക്കോണമി എന്ന ആശയവുമായി മുന്നോട്ട് പോകുന്ന ബ്രിട്ടനുള്ള താക്കീതു കൂടിയാണ് പ്രസിദ്ധീകരണം മുന്നോട്ടു വയ്ക്കുന്നത്. ഇതിനുള്ള സമകാലിക ഉദാഹരണമായാണ് ഇന്ത്യയില്‍ നടന്ന നോട്ടു നിരോധനം പ്രസിദ്ധീകരണം ഉയര്‍ത്തിക്കാട്ടുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷമായി ബ്രിട്ടനില്‍ ബാങ്കുകളുടെ ബ്രാഞ്ച് അടച്ചു പൂട്ടലും എടിഎം മെഷീനുകളുടെ സാന്നിധ്യക്കുറവും ഒക്കെ രാജ്യം കാഷ്ലെസ്സ് എന്ന ആശയത്തിലേക്കു നീങ്ങുന്നു എന്നതിന്റെ സൂചനയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന ഓണ്‍ലൈന്‍ കച്ചവടവും ഇതിന്റെ മുന്നൊരുക്കമായി വ്യാഖ്യാനിക്കപ്പെടുന്നു. ആഘോഷവേളകളില്‍ കടകളില്‍ നടക്കുന്നതിന്റെ പലമടങ്ങു കച്ചവടം ഓണ്‍ലൈന്‍ ആയി നടക്കാന്‍ തുടങ്ങിയതോടെ കാഷ്ലെസ്സ് ആശയത്തിന് വര്‍ധിച്ച പ്രചാരമാണ് ലഭിക്കുന്നത്.

ഒട്ടുമിക്ക സേവനങ്ങളും ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്കു മാറിത്തുടങ്ങിയതോടെ ഘട്ടങ്ങളായുള്ള നോട്ടു നിരോധന വഴിയിലാണ് ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ എന്ന സന്ദേഹമാണ് വര്‍ദ്ധിക്കുന്നത്. ബ്രിട്ടന്‍ ഔദ്യോഗികമായി ക്യാഷ്ലെസ്സ് എക്കണോമി എന്ന വാദം ഉയര്‍ത്തുന്നില്ലെങ്കിലും രാജ്യം ഉടന്‍ ഡിജിറ്റല്‍ എക്കണോമി ആയി മാറും എന്ന് വിശ്വസിക്കുന്നവരാണ് അധികവും.

ഇക്കഴിഞ്ഞ വേനല്‍ക്കാല റിപ്പോര്‍ട്ടില്‍ ബ്രിട്ടീഷ് ധനകാര്യ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 2028 ആകുമ്പോള്‍ രാജ്യത്തു വെറും ഒന്‍പതു ശതമാനം മാത്രമായിരിക്കും കറന്‍സി പണമിടപാടുകള്‍ എന്ന മുന്നറിയിപ്പ് നല്‍കുന്നു. മോഡി ഇന്ത്യയിലെ 86 ശതമാനം പണവും ഒറ്റ രാത്രിയില്‍ പിന്‍വലിച്ച നടപടി പല രാജ്യങ്ങളിലും പടിപടിയായി സംഭവിക്കുന്നു എന്നതാണ് ബ്രിട്ടീഷ് ധന റിപ്പോര്‍ട്ട് വ്യംഖ്യമായി സൂചിപ്പിക്കുന്നത്.

അതായതു ഒന്‍പതു വര്‍ഷം കൊണ്ട് രാജ്യത്തെ 91 ശതമാനം പണമിടപാടും അദൃശ്യമായിട്ടാകും സംഭവിക്കുക എന്ന് ചുരുക്കം. അതേ സമയം കാഷ്ലെസ്സ് ആകാന്‍ ഇറങ്ങി പുറപ്പെട്ട ഇന്ത്യ അതിവേഗം പഴയ നിലയിലേക്ക് മടങ്ങിയ കാര്യവും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ പഠനം ഉയര്‍ത്തിക്കാട്ടുന്നു. ഏകദേശം എട്ടുമാസത്തോളം ഇന്ത്യയിലെ ജനകോടികള്‍ പണം കൈകൊണ്ടു തൊടാനാകാത്ത ഗതികേട് നേരിട്ട കാര്യവും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യ 2016 നവംബര്‍ എട്ടിന് രാത്രി എന്ത് ചെയ്തു എന്ന രസകരമായ പഠനം പോലും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപന ശേഷം  വെളിച്ചത്തിന്റെ ചലനം പോലും യൂണിവേഴ്സിറ്റി പഠനത്തില്‍ നിരീക്ഷണ വിധേയമായി. ഇതിനായി ഉപഗ്രഹ ചിത്രങ്ങളെയാണ് അവര്‍ ആശ്രയിച്ചത്. പലപ്പോഴും രാജ്യങ്ങളുടെ ജിഡിപി സംബന്ധിച്ച കണക്കുകള്‍ അത്ര കിറുകൃത്യം ആയിരിക്കണമെന്നില്ല. എന്നാല്‍ രാത്രികാലങ്ങളില്‍ വീടുകള്‍, ഫാക്ടറികള്‍, റസ്റ്റോറന്റുകള്‍ അടക്കമുള്ളവ എത്ര നേരം ഉണര്‍ന്നിരിക്കുന്നു എന്നതൊക്കെ ഇത്തരം പഠനത്തില്‍ ഇപ്പോള്‍ ഉള്‍പ്പെടുകയാണ്.

സജീവമായ രാത്രികാല ജീവിതവും ഇപ്പോള്‍ വികസിത രാജ്യങ്ങളുടെ പണമിടപാടുകള്‍ സംബന്ധിച്ച അളവുകോലായി കണക്കാക്കപ്പെടുകയാണ്. സാമ്പത്തിക വളര്‍ച്ചയും രാത്രികാല ജീവിതവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആധുനിക ധനശാസ്ത്രജ്ഞര്‍ പറയുന്നത്. പണം കൈകൊണ്ടു തൊടാനാകാത്ത സാഹചര്യത്തെ ഇന്ത്യക്കാര്‍ വിമ്മിട്ടത്തോടെയാണ് കണ്ടതെന്നും പണം ആവശ്യത്തില്‍ അധികം കൈയ്യില്‍ സൂക്ഷിക്കാനുള്ള ആഗ്രഹം വളരെക്കാലം കൊണ്ട് ഉണ്ടായ ശീലം ആണെന്നും അതുപേക്ഷികാന്‍ ജനം തയ്യാറല്ല എന്നുമാണ് പഴയ നോട്ടുകള്‍ക്കു തുല്യമാകും വിധം പുതിയ നോട്ടുകള്‍ മടങ്ങിയെത്തിയതിലൂടെ ഇന്ത്യ തെളിയിച്ചതെന്നും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ചൂണ്ടിക്കാട്ടുന്നു.

പണം രാജ്യത്തിന്റെ ചലനത്തില്‍ പ്രധാന റോള്‍ വഹിക്കുന്നു എന്നതാണ് ഇന്ത്യന്‍ ഉദാഹരണം പഠിപ്പിക്കുന്നത്. എന്നാല്‍ ഇത് എല്ലാ സ്ഥലത്തും ഒരുപോലെ ആയിരിക്കണം എന്നില്ല. പക്ഷെ മാനസികമായി ജനം പണം കൈകാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നത് പൊതുതത്വമാണ്. ഇന്ത്യയില്‍ നോട്ടുനിരോധന ശേഷം എ ടി എം പണം പിന്‍വലിക്കല്‍ കുറഞ്ഞതായാണ് ട്രെന്‍ഡ് വ്യക്തമാകുന്നത്.

ലോകത്ത് ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് നടക്കുന്ന രാജ്യങ്ങളില്‍ ഒന്നായിട്ടു പോലും ഇന്ത്യയില്‍ 2017ല്‍ ആകെ ധനകൈമാറ്റത്തിന്റെ വെറും ആറു ശതമാനമേ ഡിജിറ്റല്‍ ആയി ചെയ്യാന്‍ സാധിച്ചുള്ളൂ എന്ന വസ്തുതയും പുറത്തു വന്നിട്ടുണ്ട്. നോട്ട് നിരോധന ശേഷം കാര്‍ഡ് പേയ്മെന്റുകള്‍ ഇന്ത്യയില്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എടിഎം ഉപയോഗം കുറഞ്ഞത് കറന്‍സി ഉപയോഗത്തെ കാലക്രമേണ നിരുത്സാഹപ്പെടുത്താന്‍ ജനം സ്വയം തയ്യാറാക്കുന്നതിന്റെ സൂചനയായും കണക്കാക്കാമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ഇതാണ് യുകെയും അതിവേഗം ക്യാഷ്ലെസ്സ് ആയി മാറുമെന്ന സൂചന ശക്തമാകാന്‍ കാരണം. രണ്ടു വര്‍ഷം മുന്‍പ് ഉള്ള കണക്കില്‍ ഡിജിറ്റല്‍ പേയ്മെന്റില്‍ ലോകത്തെ ആദ്യ നാലു രാജ്യങ്ങളില്‍ ഒന്നാണ് യുകെ. മുതിര്‍ന്നവരില്‍ ആറില്‍ ഒരാള്‍ എന്ന നിലയില്‍ മൊബൈല്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് പണം കൈമാറ്റം നടത്തുന്നത്. പണം വിപണിയില്‍ ഇല്ലാതായാല്‍ ഇ വാലറ്റ് അടക്കമുള്ള പകരം സംവിധാനത്തിലേക്ക് മാറാന്‍ ജനം സ്വാഭാവികമായും നിര്‍ബന്ധിതരാകും.

എന്നാല്‍ നോട്ടു നിരോധനം വഴി രാജ്യത്തെ മുഴുവന്‍ ധന ഇടപാടുകളും ഇടര്‍ച്ച നേരിട്ടതായാണ് ഇന്ത്യന്‍ അനുഭവം പഠിപ്പിക്കുന്നത്, രാജ്യത്തിന്റെ പൊതു ധനവളര്‍ച്ചയില്‍ ഒന്നര ശതമാനം ഇടിവ് ഉണ്ടാക്കാനും നോട്ട് നിരോധനം കാരണമായെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പറയുന്നു. ഇന്ത്യന്‍ അനുഭവത്തില്‍ പൊടുന്നനെ ഉള്ള ഒരു നോട്ടു നിരോധനം ഇനി ഒരു രാജ്യവും ആഗ്രഹിക്കില്ല എന്നതാണ് പഠന റിപ്പോര്‍ട്ടിലെ കാതല്‍. കാഷ്ലെസ്സ് ഇക്കോണമി എന്നത് പല രാജ്യങ്ങളുടെയും പൊതുധന ഉപയോഗ, വിതരണ സമ്പ്രദായത്തില്‍ അത്ര നല്ല ആശയം ആയിരിക്കില്ല എന്ന മുന്നറിയിപ്പും യൂണിവേഴ്സിറ്റി നല്‍കുന്നു.

Author

Related Articles