News

കോവിഡില്‍ തളരാതെ ഇന്‍ഫോപാര്‍ക്ക്; നേടിയത് 1,110 കോടി രൂപയുടെ അധിക കയറ്റുമതി വരുമാനം

കൊച്ചി: കോവിഡ് സൃഷ്ടിച്ച ആഗോള പ്രതിസന്ധിയിലും ഉലയാതെ ഇന്‍ഫോപാര്‍ക്ക് നേടിയത് 1,110 കോടി രൂപയുടെ അധിക കയറ്റുമതി വരുമാനം. കോവിഡ് ഏറെക്കുറെ പൂര്‍ണമായി വിഴുങ്ങിയ 2020 ല്‍ ഇന്‍ഫോപാര്‍ക്കിലെ ഐടി കമ്പനികളില്‍ നിന്നുള്ള ആകെ കയറ്റുമതി 6,310 കോടി രൂപയായി വര്‍ധിച്ചു. 2019 ല്‍ ഇത് 5200 കോടി രൂപയായിരുന്നു. 415 കമ്പനികളാണ് ഇന്‍ഫോപാര്‍ക്കിലെ വിവിധ ക്യാംപസുകളിലായി പ്രവര്‍ത്തിക്കുന്നത്. കോവിഡ് കാലത്തു മാത്രം നാല്‍പതിലേറെ കമ്പനികള്‍ പുതുതായി ഓഫിസ് തുറന്നു. 18 കമ്പനികള്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു.

ഈ വര്‍ഷം അവസാനത്തോടെ 6 ലക്ഷത്തിലേറെ ചതുരശ്ര അടി ഇടം കൂടി പുതിയ കമ്പനികള്‍ക്കായി ഒരുക്കും. '' മലയാളികളായ ഒട്ടേറെ ഐടി ജീവനക്കാര്‍ കേരളത്തിലേക്കു തിരിച്ചെത്തുന്നുണ്ട്. അവര്‍ക്കു വേണ്ടി കേരളത്തിലേക്കു പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ തയാറായി ബെംഗളൂരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ ബഹുരാഷ്ട്ര ഐടി കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. അത് ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെ കേരളത്തിലെ ഐടി പാര്‍ക്കുകള്‍ക്കു നേട്ടമാകും''   ഇന്‍ഫോ പാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജോണ്‍ എം.തോമസ് പറഞ്ഞു.

Author

Related Articles