News

ധനലക്ഷ്മി ബാങ്കിന് 65.78 കോടി രൂപ വാര്‍ഷിക ലാഭം

തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (201920) നേടിയത് 563.67 ശതമാനം വര്‍ദ്ധനയോടെ 65.78 കോടി രൂപയുടെ ലാഭം. ബാങ്കിന്റെ 93 വര്‍ഷ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭമാണിത്. 2018-19ല്‍ ലാഭം 11.67 കോടി രൂപയായിരുന്നു.

പ്രവര്‍ത്തനലാഭം 94.93 കോടി രൂപയില്‍ നിന്ന് 70.62 ശതമാനം വര്‍ദ്ധിച്ച് 161.97 കോടി രൂപയിലെത്തി. മൊത്തം ബിസിനസ് 2.69 ശതമാനം മുന്നേറി 17,703 കോടി രൂപയായി. മൊത്തം നിക്ഷേപം 2.84 ശതമാനവും വായ്പകള്‍ 2.45 ശതമാനവും വളര്‍ച്ച കുറിച്ചു. മൊത്തം വരുമാന വളര്‍ച്ചാനിരക്ക് കഴിഞ്ഞവര്‍ഷം 7.44 ശതമാനമായും അവസാനപാദത്തില്‍ 4.47 ശതമാനമായും മെച്ചപ്പെട്ടു. അറ്റ പലിശ വരുമാനം 7.62 ശതമാനം ഉയര്‍ന്ന് 373.18 കോടി രൂപയിലെത്തി.

മൊത്തം നിഷ്‌ക്രിയ ആസ്തി (ജി.എന്‍.പി.എ) 7.47 ശതമാനത്തില്‍ നിന്ന് 5.90 ശതമാനത്തിലേക്ക് താഴ്ന്നതും ബാങ്കിന് ആശ്വാസമായി. അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍.എന്‍.പി.എ) 2.41 ശതമാനത്തില്‍ നിന്ന് 1.55 ശതമാനത്തിലേക്കും താഴ്ന്നു. അതേസമയം, അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ ലാഭം 90.58 ശതമാനം കുറഞ്ഞ് 2.60 കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 27.61 കോടി രൂപയായിരുന്നു.

Author

Related Articles