News

2030ഓടെ ഊര്‍ജ്ജ രംഗത്ത് പ്രകൃതി വാതക വിഹിതം 15 ശതമാനമാക്കണമെന്ന് ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഗെയില്‍ ഗ്രൂപ്പിന്റെ 201 സിഎന്‍ജി സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്ത് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഊര്‍ജ്ജ ചില്ലറവില്‍പ്പന രംഗത്ത് നൂതനാശയം കൊണ്ടുവരുന്നത് ഒരു വ്യാപാര തീരുമാനം മാത്രമല്ലെന്നും ഹരിത ഭാവിയെക്കുറിച്ചും ജനങ്ങളുടെ ജീവിത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും ഉള്‍ക്കൊണ്ടിരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. 2030ഓടെ ഊര്‍ജ്ജ ഉപയോഗ രംഗത്ത് പ്രകൃതി വാതകത്തിന്റെ വിഹിതം 15 ശതമാനമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

ഇതുകൂടാതെ ഇന്ത്യയിലെ ആദ്യത്തെ സിഎന്‍ജി ഇന്ധനം നിറയ്ക്കുന്ന മൊബൈല്‍ യൂണിറ്റുകളും (എംആര്‍യു) മന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ദ്രപ്രസ്ഥ ഗ്യാസ് (ഐ.ജി.എല്‍), മഹാനഗര്‍ ഗ്യാസ് എന്നിവയാണ് എം.ആര്‍.യു വികസിപ്പിച്ചത്. ഹൈഡ്രജന്‍, എത്തനോള്‍ മിശ്രിത പെട്രോള്‍, എല്‍എന്‍ജി എന്നിവയുള്‍പ്പെടെയുള്ള ശുദ്ധവും ഹരിതവുമായ ഇന്ധനം കൂടുതല്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ മന്ത്രാലയം നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.രാജ്യത്തുടനീളം എത്തനോള്‍ ഉല്‍പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഇ -100 പൈലറ്റ് പദ്ധതി ആരംഭിച്ചു.

2025 ഓടെ രാജ്യത്ത് പെട്രോളില്‍ 20 ശതമാനം എത്തനോള്‍ മിശ്രിതമാക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിവിധ ഗതാഗത ഇന്ധനങ്ങളായ ഹൈഡ്രജന്‍, ഡീസല്‍, പെട്രോള്‍, സിഎന്‍ജി / സിബിജി, എല്‍എന്‍ജി അല്ലെങ്കില്‍ ഇവി ബാറ്ററികള്‍ നിറയ്ക്കാനുള്ള സൗകര്യം ഒരൊറ്റ ഘട്ടത്തില്‍ ലഭ്യമാകുന്ന ഊര്‍ജ്ജ ചില്ലറ വില്‍പ്പന കേന്ദ്രം എന്ന ആശയത്തിലേക്ക് നീങ്ങുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

Author

Related Articles