News

ചൈന, ഹോങ്കോംഗ്, മക്കാവോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തിവച്ച് ഡിഎച്ച്എല്‍

മുംബൈ: ചൈന, ഹോങ്കോംഗ്, മക്കാവോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിയും കയറ്റുമതിയും അടുത്ത 10 ദിവസത്തേക്ക് നിര്‍ത്തിവച്ചതായി ലോജിസ്റ്റിക് സേവന ദാതാവ് ഡിഎച്ച്എല്‍ എക്‌സ്പ്രസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് വ്യാഴാഴ്ച അറിയിച്ചു. ചെന്നൈ മുതലുള്ള പ്രധാന തുറമുഖങ്ങളിലുടനീളം കസ്റ്റംസ് ക്ലിയറന്‍സില്‍ കാലതാമസം നേരിട്ടതോടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതി ചരക്കുകള്‍ കുന്നുകൂടാന്‍ തുടങ്ങിയതായി കമ്പനി ഉപഭോക്താക്കളെ അറിയിച്ചു.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്നാണ് ഈ കാലതാമസം നേരിടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. രാജ്യത്തേക്ക് ചൈനീസ് ഇറക്കുമതി നിരുത്സാഹപ്പെടുത്തുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്. ആവര്‍ത്തിച്ചുള്ള പരിശോധനകള്‍ കാരണം കസ്റ്റംസ് ക്ലിയറന്‍സിലെ കാലതാമസം രാജ്യത്തുടനീളം ഗതാഗതത്തിലും ചരക്കുകളുടെ വിതരണത്തിലും കടുത്ത കാലതാമസത്തിന് കാരണമായതായി ചില വ്യാപാരികള്‍ പറഞ്ഞു.

ചെന്നൈ കൂടാതെ, ഡല്‍ഹി എയര്‍ കാര്‍ഗോ ടെര്‍മിനല്‍, കൊല്‍ക്കത്ത വിമാനത്താവളം, മുംബൈയിലെ നവ ഷെവ തുറമുഖം അല്ലെങ്കില്‍ ജവഹര്‍ലാല്‍ നെഹ്റു തുറമുഖം (ജെഎന്‍പിടി) എന്നിവിടങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചൈനയില്‍ നിന്ന് വരുന്ന ചരക്കുകള്‍ കസ്റ്റംസ് സൂക്ഷിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചു. ചരക്കുകളുടെ കസ്റ്റംസ് ക്ലിയറന്‍സില്‍ നേരിട്ട കാലതാമസം തിരക്ക് ഉണ്ടാകുന്നതിനും കയറ്റുമതി കാലതാമസമുണ്ടാകുന്നതിനും കാരണമായിയെന്ന് ഡിഎച്ച്എല്‍ അറിയിച്ചു.

Author

Related Articles