News

ക്രിപ്‌റ്റോ കറന്‍സിയും ഡിജിറ്റല്‍ കറന്‍സിയും ഒന്നാണോ? അറിയാം

ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എന്താണ് ഡിജിറ്റല്‍ കറന്‍സി എന്നും ക്രിപ്‌റ്റോ കറന്‍സിയും ഡിജിറ്റല്‍ കറന്‍സിയും തമ്മിലുള്ള വ്യത്യാസം എന്താണെന്നും ഇപ്പോഴും ആശങ്കപ്പെടുന്നവരുണ്ട്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ഇവ എങ്ങനെയാണ് പ്രതിഫലിക്കാന്‍ പോകുന്നത് എന്നതടക്കം നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ഉയരുന്നത്.

ആഗോളതലത്തില്‍ ഡിജിറ്റല്‍ കറന്‍സിയുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്. മറ്റു രാജ്യങ്ങളുടെ പാതയില്‍ സഞ്ചരിക്കുകയാണ് ഇന്ത്യയും. നിലവില്‍ മൂര്‍ത്ത രൂപത്തിലുള്ള ഇന്ത്യന്‍ കറന്‍സിയുടെ ഡിജിറ്റല്‍ രൂപമായിരിക്കും ഡിജിറ്റല്‍ കറന്‍സിക്ക്് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. റിസര്‍വ് ബാങ്കിനാണ് ഡിജിറ്റല്‍ കറന്‍സി ഇറക്കുന്നതുമായി ബന്ധപ്പെട്ട് മുഴുവന്‍ ഉത്തരവാദിത്തങ്ങളും നല്‍കിയിരിക്കുന്നത്. ഡിജിറ്റല്‍ രൂപ എന്ന പേരിലാണ് റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ കറന്‍സി ഇറക്കുക. ഇതിന് നോട്ടുകളുമായി പരസ്പരം കൈമാറാന്‍ സാധിക്കും. അതേസമയം ഡിജിറ്റല്‍ കറന്‍സിയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ അന്തിമമായിട്ടില്ല.

എന്നാല്‍ ആഗോളതലത്തില്‍ പ്രചാരത്തിലുള്ള സ്വകാര്യ വിര്‍ച്വല്‍ കറന്‍സികളുമായോ ക്രിപ്റ്റോ കറന്‍സികളുമായോ ഡിജിറ്റല്‍ രൂപയെ താരതമ്യം ചെയ്യാന്‍ സാധിക്കില്ല. സ്വകാര്യ വിര്‍ച്വല്‍ കറന്‍സികളും ക്രിപ്റ്റോ കറന്‍സികളും നിയമപരമായി ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങള്‍ ഇറക്കുന്നവയല്ല. ക്രിപ്റ്റോ കറന്‍സികള്‍ ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി പ്രവൃത്തിക്കുന്ന വികേന്ദ്രീകൃത സംവിധാനമാണ്.

ബ്ലോക്ക് ചെയിന്‍ എന്നാല്‍ യഥാര്‍ഥത്തില്‍ ഡിജിറ്റല്‍ ലെഡ്ജര്‍ ആണ്. ഇടപാടുകള്‍ റെക്കോര്‍ഡ് ചെയ്യുന്നത് ഡിജിറ്റല്‍ ലെഡ്ജറിലാണ്. ഇടപാടുകള്‍ ട്രാക്ക് ചെയ്യാന്‍ കഴിയുന്നവിധമാണ് ഇതിന് രൂപം നല്‍കിയിരിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡിജിറ്റല്‍ ആസ്തികളുടെ കൈമാറ്റത്തിന് നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ, നിലവിലുള്ള ക്രിപ്റ്റോ കറന്‍സികളെ നിരോധിക്കില്ല എന്നാണ് സൂചന.

സ്വകാര്യ വിര്‍ച്വല്‍ കറന്‍സികളെയും ക്രിപ്റ്റോ കറന്‍സികളെയും തുറന്ന് എതിര്‍ക്കുന്ന നിലപാടാണ് ഇതുവരെ റിസര്‍വ് ബാങ്ക് സ്വീകരിച്ചിട്ടുള്ളത്. ഇത് ദേശീയ സുരക്ഷയെ ബാധിക്കുന്നതാണ് എന്നതാണ് റിസര്‍വ് ബാങ്കിന്റെ ആശങ്ക. കേന്ദ്ര ബാങ്ക് ഇറക്കുന്ന നോട്ടിന് സമാനമായിരിക്കും ഡിജിറ്റല്‍ കറന്‍സി എന്നാണ് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ടി റാബി ശങ്കര്‍ അടുത്തിടെ പറഞ്ഞത്. എന്നാല്‍ രൂപത്തില്‍ വ്യത്യാസമുണ്ടാകും. ഇലക്ട്രോണിക് രൂപത്തിലുള്ള സോവറീന്‍ കറന്‍സിയായിരിക്കും ഡിിജിറ്റല്‍ കറന്‍സി.

കേന്ദ്രബാങ്കിന്റെ ലാഭനഷ്ട കണക്കുകളില്‍ ബാധ്യതയായി ഇതിനെ അടയാളപ്പെടുത്തും. ഇതിനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും രൂപവും ഉപയോഗവും ചില പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രമെന്ന നിലയില്‍ നിയന്ത്രിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പണവുമായി തുല്യ മൂല്യത്തില്‍ തന്നെ കൈമാറാന്‍ കഴിയുന്നവിധമായിരിക്കും ഡിജിറ്റല്‍ കറന്‍സികള്‍ അവതരിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു.

Author

Related Articles