News

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാനായി ദിനേഷ് കുമാര്‍ ഖര ചുമതലയേറ്റു

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാനായി ദിനേഷ് കുമാര്‍ ഖര ചുമതലയേറ്റു. ചെയര്‍മാന്‍ രജനീഷ് കുമാറിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ദിനേഷ് കുമാറിന് സ്ഥാനക്കയറ്റം ലഭിച്ചത്. ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോയാണ് ഖരയെ ഈ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. 2016 ആഗസ്റ്റിലാണ് ഖര എംഡിയായത്.

മൂന്ന് വര്‍ഷത്തേക്കായിരുന്നു നിയമനമെങ്കിലും അത് രണ്ട് വര്‍ഷം കൂടി നീട്ടി. ആഗോള വിപണിയും എസ്ബിഐ ഉപകമ്പനികളുടെയും ചുമതലയായിരുന്നു ഖരയ്ക്ക് ഉണ്ടായിരുന്നത്. ചെയര്‍മാനായിരുന്ന രജനീഷ് കുമാറിന്റെ കാലാവധി കേന്ദ്രം നീട്ടി നല്‍കാത്ത സാഹചര്യത്തിലായിരുന്നു ഖരയ്ക്ക് നറുക്ക് വീണത്.

ഖരയ്ക്ക് ചുമതലയേല്‍ക്കാന്‍ സാധിക്കാതെ വന്നാല്‍ ആ സ്ഥാനത്തേക്ക് നിലവിലെ മാനേജിങ് ഡയറക്ടര്‍മാരില്‍ ഒരാളായ ചല്ല ശ്രീനിവാസുലു സെട്ടിയെയാണ് റിസര്‍വ് ലിസ്റ്റില്‍ പരിഗണിച്ചിരുന്നത്. ഇദ്ദേഹം മാനേജിങ് ഡയറക്ടറായി തുടരും. പൊതുമേഖലാ ബാങ്കുകളുടെ തലപ്പത്തേക്ക് ആളുകളെ പരിഗണിക്കുന്നത് ഈ ബാങ്കുകളില്‍ നിന്ന് തന്നെയാണ്. രാജ്യത്തെ ബാങ്കിങ് സെക്ടറിന്റെ 60 ശതമാനവും പൊതുമേഖലയിലാണ്. ജൂണില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ 81 ശതമാനം ലാഭവര്‍ധനവാണ് എസ്ബിഐക്ക് ഉണ്ടായത്.

Author

Related Articles