News

മള്‍ട്ടി ലെയര്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്

ന്യൂഡല്‍ഹി: മള്‍ട്ടി ലെയര്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. നേരിട്ടുള്ള വില്‍പനയുടെ (ഡയറക്ട് സെല്ലിങ്) മറവില്‍ ആളുകളെ കണ്ണിചേര്‍ത്ത് വിവിധ തട്ടുകളിലാക്കി പ്രവര്‍ത്തിക്കുന്ന രീതിയാണ് വിലക്കിയത്. നീതിപൂര്‍വകമല്ലാത്ത വ്യാപാര രീതിയാണ് ഡയറക്ട് സെല്ലിങ്ങിലുളളതെന്ന് കേന്ദ്ര ഉപഭോക്തൃ -ഭക്ഷ്യ വിതരണ മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി അനുപമ മിശ്ര പറഞ്ഞു. പ്രൈസ് ചിറ്റ്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്‌കീം നിരോധന നിയമത്തിന്റെ രണ്ടാം വകുപ്പില്‍ വരുന്ന മണി ചെയിന്‍ പദ്ധതികള്‍ക്കും കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തി. ആളുകളെ പുതുതായി ചേര്‍ക്കുന്നതിന് അനുസരിച്ച് പണം ലഭിക്കുന്ന പിരമിഡ് മാതൃകയാണിത്.

ആദ്യം ചേരുന്നവര്‍ മുകള്‍തട്ടിലും പിന്നീട് ചേരുന്നവര്‍ താഴേ തട്ടിലുമായി വീണ്ടും ആളുകളെ ചേര്‍ത്തുകൊണ്ടിരിക്കുന്ന മള്‍ട്ടിലെയേഡ് (മള്‍ട്ടി ലെവല്‍) നെറ്റ്‌വര്‍ക്ക് ആണ് 'പിരമിഡ് സ്‌കീം' എന്ന് പുതിയ വിജ്ഞാപനത്തില്‍ കേന്ദ്രം പറയുന്നു. കേരളത്തില്‍ സജീവമായ മിക്ക വിദേശ, ഇന്ത്യന്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനികളും പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്.

പുതിയ വിജ്ഞാപനപ്രകാരം ഡയറക്ട് സെല്ലിങ്ങിന് കേന്ദ്രം പുതിയ നിര്‍വ്വചനവും കൊണ്ടുവന്നു. ഒരു സ്ഥാപനമോ കമ്പനിയോ നേരിട്ടുള്ള വില്‍പനക്കാരിലൂടെ തങ്ങളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും നല്‍കുന്നതാണ് ഡയറക്ട് സെല്ലിങ്. ഈ കമ്പനികളെ നിയന്ത്രിക്കാനുള്ള ചട്ടങ്ങളും കേന്ദ്രം പുറത്തിറക്കി. ഇത്തരം കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഒരു ഓഫിസ് എങ്കിലും ഉണ്ടാകണം. തങ്ങളുടെ എല്ലാ വില്‍പനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം.

കമ്പനി സെക്രട്ടറി വില്‍പനക്കാരുമായി രേഖാമൂലം കരാറിലേര്‍പ്പെടണം. വില്‍പനക്കാരുടെ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും കമ്പനി സെക്രട്ടറി ആയിരിക്കും ഉത്തരവാദിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു. പുതിയ വിജ്ഞാപനത്തിലെ ചട്ടങ്ങള്‍ നടപ്പാക്കുകയും അവ കമ്പനികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാറാണ്.

Author

Related Articles