News

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ്; ആര്‍ക്കൊക്കെ ലഭിക്കും?

അടുത്ത മാസം ശമ്പളം ഉയരും. 30 ദിവസത്തെ വേതനമാണ് നോണ്‍ ഗസറ്റഡ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോണ്‍-പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് ബോണസ് ആണ് നല്‍കുന്നത്. പ്രവര്‍ത്തന മികവ് അടിസ്ഥാനമാക്കിയുള്ള ബോണസ് അല്ലിത്. 2020-21-വര്‍ഷത്തിലെ 30 ദിവസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസായി ലഭിക്കും. 'സി', 'ബി' ഗ്രൂപ്പുകളിലെ എല്ലാ നോണ്‍-ഗസറ്റഡ് ജീവനക്കാര്‍ക്കും ആനുകൂല്യം ലഭിക്കും. പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് സ്‌കീമില്‍ ഉള്‍പ്പെടാത്തവര്‍ക്കാണ് ആനുകൂല്യങ്ങള്‍.

നിബന്ധനകള്‍ക്ക് വിധേയമായി അഡ്‌ഹോക് ബോണസാണ് നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കേന്ദ്ര- അര്‍ദ്ധ സൈനിക വിഭാഗത്തിലെയും സായുധ സേനയിലെയും യോഗ്യരായ എല്ലാ ജീവനക്കാര്‍ക്കും ബോണസ് ലഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ ശമ്പള മാതൃക പിന്തുടരുന്നതും മറ്റേതെങ്കിലും ബോണസ് അല്ലെങ്കില്‍ എക്‌സ് ഗ്രേഷ്യ പദ്ധതിയില്‍ ഉള്‍പ്പെടാത്തതുമായ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ജീവനക്കാര്‍ക്കും ബോണസ് നല്‍കും.

2021 മാര്‍ച്ച് 31 വരെ സര്‍വീസില്‍ ഉണ്ടായിരുന്നവരും 2020-21 വര്‍ഷത്തില്‍ കുറഞ്ഞത് ആറ് മാസത്തെ തുടര്‍ച്ചയായ സേവനം നല്‍കിയവരുമായ ജീവനക്കാര്‍ക്ക് മാത്രമേ അഡ്-ഹോക്ക് ബോണസ് ലഭിക്കൂ. യോഗ്യതയുള്ള ജീവനക്കാരുടെ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ തുടര്‍ച്ചയായുള്ള സേവന കാലയളവ് പരിഗണിക്കും.

മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ ഓരോ വര്‍ഷവും കുറഞ്ഞത് 240 ദിവസം ജോലി ചെയ്തവര്‍ക്കും ബോണസിന് അര്‍ഹതയുണ്ട്. ആഴ്ചയില്‍ ആറ് ദിവസവും ഓഫീസുകളില്‍ ജോലി ചെയ്തിട്ടുള്ള സാധാരണ തൊഴിലാളികള്‍ക്കും ഈ നോണ്‍-പിഎല്‍ബി ബോണസിന് അര്‍ഹതയുണ്ട്. റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ തന്നെ സര്‍ക്കാര്‍ ബോണസ് പ്രഖ്യാപിച്ചിരുന്നു. അര്‍ഹരായ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുക. ആര്‍പിഎഫ്, ആര്‍പിഎസ്എഫ് ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അല്ലാത്ത റെയില്‍വേ ജീവനക്കാര്‍ക്ക് ആണ് ബോണസ് പ്രഖ്യാപിച്ചത്. 78 ദിവസത്തെ വേതനത്തിന് തുല്യമായ തുകയാണ് ബോണസായി നല്‍കുക.

പ്രവര്‍ത്തനം അടിസ്ഥാനമാക്കി ജീവനക്കാര്‍ക്ക് നല്‍കുന്ന ബോണസ് തുകയാണിത്. സര്‍ക്കാരിന്റെ ബോണസ് സംബന്ധിച്ച് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ ആണ് വിശദീകരണം നല്‍കിയത്. 11.56 ലക്ഷത്തോളം നോണ്‍-ഗസറ്റഡ് റെയില്‍വേ ജീവനക്കാര്‍ക്ക് നടപടി മൂലം സഹായം ലഭിക്കും. കഴിഞ്ഞ വര്‍ഷം ഇത്രയും ജീവനക്കാര്‍ക്ക് ബോണസ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം 30 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച പ്രത്യേക ബോണ് ആനുകൂല്യങ്ങള്‍ പ്രകാരമാണ് റെയില്‍വേ ജീവനക്കാര്‍ക്കും ബോണസ് ലഭിച്ചത്. പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് ബോണസ്, നോണ്‍-പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് എന്നിങ്ങനെ രണ്ടു തരം ബോണസുകളാണ് പ്രധാനമായും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ളത്.

Author

Related Articles