News

മോട്ടറോളയ്ക്ക് വേണ്ടി ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഡിക്‌സണ്‍

ഇലക്ട്രോണിക്സ് നിര്‍മാതാക്കളായ പാഡ്ജെറ്റ് ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോള കമ്പനിക്ക് ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചതായി റെഗുലേറ്ററി ഫയലിംഗ് വെളിപ്പെടുത്തി. പാഡ്ജെറ്റ് ഇലക്ട്രോണിക്‌സ് ഡിക്‌സണ്‍ ടെക്‌നോളജീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ്. കൂടാതെ സ്മാര്‍ട്ട്ഫോണുകള്‍ക്കായുള്ള ഗവണ്‍മെന്റിന്റെ പുതിയ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അംഗീകാരം ലഭിച്ച അഞ്ച് ആഭ്യന്തര നിര്‍മ്മാതാക്കളില്‍ ഒരാളുമാണ്.

ആഭ്യന്തര വിപണികള്‍ക്ക് മാത്രമല്ല കയറ്റുമതി വിപണികള്‍ക്കും സേവനം നല്‍കുന്നതിനായി കമ്പനി ആഗോള സഖ്യങ്ങളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ഡിക്‌സണ്‍ സിഇഒ അതുല്‍ ലാല്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മോട്ടറോളയ്ക്കായി കമ്പനി എത്ര ഫോണുകള്‍ നിര്‍മ്മിക്കുമെന്നും അവ കയറ്റുമതി ചെയ്യുമോ എന്നും വ്യക്തമല്ല. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 70 മുതല്‍ 80 ദശലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് അതുല്‍ ലാല്‍ പറഞ്ഞിരുന്നു.

രാജ്യത്ത് ഫോണുകള്‍ നിര്‍മ്മിക്കുന്നതിന് 4-6 ശതമാനം പ്രോത്സാഹനം നല്‍കുന്ന ഈ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചതുമുതല്‍ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ ശേഷി വര്‍ദ്ധിപ്പിക്കുകയാണ്. ലാവയും മൈക്രോമാക്‌സും ഉള്‍പ്പെടെയുള്ള ഡിക്‌സന്റെ എതിരാളികളും രാജ്യത്ത് അവരുടെ ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ നോക്കുന്നു. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ മുതലെടുത്ത് ബ്രാന്‍ഡ് ചെയ്യാത്ത ഫോണുകള്‍ നിര്‍മ്മിക്കുന്നതിനായി രണ്ട് കമ്പനികളും യുഎസിലെ ടെല്‍കോകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

ആഗോള ഭീമന്മാരായ ഫോക്‌സ്‌കോണ്‍, വിസ്‌ട്രോണ്‍ എന്നിവ ഉള്‍പ്പെടുന്ന പിഎല്‍ഐ പദ്ധതിക്കായി അപേക്ഷിക്കുന്ന കമ്പനികള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 11.5 ട്രില്യണ്‍ രൂപയുടെ സാധനങ്ങള്‍ ഉത്പാദിപ്പിക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ നേരത്തെ കണക്കാക്കിയിരുന്നു. ഇതില്‍ പകുതിയോളം രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍ ഭീമനായ ആപ്പിളിനായി ഫോക്‌സ്‌കോണ്‍ ഇതിനകം തന്നെ ഐഫോണുകള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും, ഇന്ത്യയില്‍, ബെംഗളൂരു ഫാക്ടറിയിലെ തൊഴിലാളികളില്‍ നിന്ന് അടുത്തിടെ ഉണ്ടായ പ്രക്ഷോഭത്തെത്തുടര്‍ന്ന് വിസ്‌ട്രോണിന്റെ കരാറുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

Author

Related Articles