News

ഓഹരി വിപണിയില്‍ കുതിച്ചുചാടി ഡി-മാര്‍ട്ട്; 2 ട്രില്യണ്‍ രൂപ വിപണി മൂല്യം മറികടന്നു

മുംബൈ: രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറുന്നു എന്ന സൂചനകള്‍ ആണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്. വര്‍ഷാന്ത്യത്തോടെ പല കമ്പനികളും വന്‍ ലാഭത്തിലേക്കാണ് നീങ്ങുന്നത്. അതിനിടെയാണ് വിപണി മൂല്യത്തില്‍ വന്‍ വര്‍ദ്ധന നേടി ഡി-മാര്‍ട്ടിന്റെ മുന്നേറ്റം. ഡി-മാര്‍ട്ട് ശൃംഖലയുടെ ഉമകളായ അവന്യു സൂപ്പര്‍മാര്‍ക്കറ്റ് ലിമിറ്റഡ് ഓഹരി വിപണിയില്‍ വലിയ നേട്ടമാണുണ്ടാക്കിയത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം രണ്ട് ട്രില്യണ്‍ രൂപ മറികടന്നിരിക്കുകയാണ്.

വിശാല വിപണിയില്‍ 13 ല്‍ 11 സെഷനുകളിലും അനവ്യു സൂപ്പര്‍മാര്‍ക്കറ്റ് ലിമിറ്റഡിന്റെ ഓഹരികള്‍ വലിയ മുന്നേറ്റമാണ് നടത്തിത്. ഒരു ഓഹരിയ്ക്ക് 3,094 രൂപ വരെയാണ് ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിസല്‍ വില എത്തിയത്. മൂന്ന് ശതമാനം ആണ് വര്‍ദ്ധന. ഇതോടെ വിപണി മൂല്യം 2.01 ട്രില്യണ്‍ രൂപയായി.

ഒറ്റ ദിവസം കൊണ്ടല്ല അവന്യു സൂപ്പര്‍ മാര്‍ക്കറ്റ് ലിമിറ്റഡ് ഈ നേട്ടമുണ്ടാക്കിയത്. ആഴ്ചകളായി ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റമാണ് ഡി-മാര്‍ട്ടിന്റെ മാതൃ കമ്പനിയ്ക്ക്. മൂന്ന് ആഴ്ചകൊണ്ട് 20 ശതമാനം ആണ് ഓഹരി മൂല്യത്തില്‍ ഉണ്ടായ വര്‍ദ്ധന. ഡിസംബര്‍ 17 മുതല്‍ അവന്യു സൂപ്പര്‍മാര്‍ക്കറ്റ് ലിമിറ്റഡിന്റെ ഓഹരികള്‍ക്ക് വന്‍ ഡിമാന്‍ഡ് ആണ്. ഇരുപത് ശതമാനത്തോളം വില വര്‍ദ്ധിച്ചതോടെ നിക്ഷേപകരുടെ ആസ്തിയില്‍ ഏതാണ്ട് 35,000 കോടി രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. ആഭ്യന്തര ഓഹരികള്‍ 8.52 ശതമാനം വര്‍ദ്ധന നേടി.

ഓഹരി വിപണിയുടെ കുതിച്ചുചാട്ടമാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ നേട്ടം ഉണ്ടാക്കിക്കൊടുത്തത്. അതിന് വഴിവച്ചതാകട്ടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും ഭാരത് ബയോടെക്കിന്റേയും വാക്സിനുകള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ഉപയോഗ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനവും.

വലിയ ഓഫറുകളാണ് ഡി- മാര്‍ട്ട് ഓരോ ദിവസവും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഏതാണ്ട് എല്ലാ വിഭാഗങ്ങളിലും ഈ ഓഫറുകള്‍ നല്‍കാനാകുന്നത് എന്നത് ഉപഭോക്താക്കളെ കൂടുതലായി ആകര്‍ഷിക്കുന്നും ഉണ്ട്. ലോവര്‍ മിഡില്‍ ക്ലാസിനേയും മിഡില്‍ ക്ലാസ്സിനേയും മാത്രമല്ല, അപ്പര്‍ മിഡില്‍ ക്ലാസ്സിലേക്ക് എത്തുന്ന വിഭാഗങ്ങളേയും ഡി-മാര്‍ട്ട് വലിയതോതില്‍ ആകര്‍ഷിക്കുന്നുണ്ട്.

ജിയോ മാര്‍ട്ട്, ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ വമ്പന്‍മാര്‍ ആണ് ഡി-മാര്‍ട്ടിന് വെല്ലുവിളി ഉയര്‍ത്തുന്നവര്‍. എന്നിരുന്നാലും ആഭ്യന്തര വിപണിയില്‍ ഡി-മാര്‍ട്ടിന് സ്വന്തമായി സ്ഥാനം കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. ഡിമാര്‍ട്ടിന് ഇപ്പോള്‍ 220 സ്റ്റോറുകളും 225 ഡിമാര്‍ട്ട് റെഡി സ്റ്റോറുകളും ആണ് രാജ്യത്തുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയതായി 100 സ്റ്റോറുകള്‍ കൂടി കമ്പനി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് ലോക്ക് ഡൗണില്‍ വില്‍പനയില്‍ വലിയ ഇടിവ് നേരിട്ടിരുന്നെങ്കിലും ഇപ്പോള്‍ 90 ശതമാനത്തോളം തിരികെ എത്താന്‍ സാധിച്ചിട്ടുണ്ട് ഡി മാര്‍ട്ടിന്.

Author

Related Articles