News

ആഭ്യന്തര വിമാന യാത്രാക്കാരുടെ എണ്ണത്തില്‍ വര്‍ധന; 9 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്; കൊറോണ വൈറസ് ബാധയെത്തുടര്‍ന്നുണ്ടായ യാത്രാവിലക്കുകളും ആഗോള സാമ്പത്തിക മാന്ദ്യവും പരുക്കേല്‍പ്പിക്കാത്ത ഫെബ്രുവരി

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന യാത്രാക്കാരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. മന്ദഗതിയിലുള്ള സമ്പദ്വ്യവസ്ഥയും കൊറോണ ഭീതി മൂലമുണ്ടായ യാത്രാ ഇടിവും ഉണ്ടായിരുന്നിട്ടും ഫെബ്രുവരിയില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ തിരക്ക് 8.98 ശതമാനം വര്‍ധിച്ചു. ആഭ്യന്തര ഷെഡ്യൂള്‍ഡ് എയര്‍ലൈനുകള്‍ കഴിഞ്ഞ മാസം 12.37 മില്യണ്‍ യാത്രക്കാരെ വഹിച്ചു. മുന്‍ വര്‍ഷത്തിലിത് 11.34 ദശലക്ഷം യാത്രക്കാരായിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ബുധനാഴ്ച പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എല്ലാ മോശം സീസണിലും, ജനുവരി-ഫെബ്രുവരി മാസങ്ങളിലും യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി എല്ലാ വിമാനക്കമ്പനികളും ടിക്കറ്റില്‍ കിഴിവ് നല്‍കാറുണ്ട്. 2020 ഫെബ്രുവരി മാസത്തില്‍ യാത്രാക്കാര്‍ വര്‍ധിച്ചത് പ്രധാനമായും വിമാനക്കമ്പനികള്‍ പ്രമോഷണല്‍ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നതിന്റെ ഫലമായി ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നത് കൊണ്ടാണെന്ന് ഡിജിസിഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഓരോ രണ്ട് യാത്രക്കാരിലും ഒരാള്‍ വീതം സഞ്ചരിച്ച  ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഇന്‍ഡിഗോ വിപണിയില്‍ ആധിപത്യം തുടരുന്നു. എന്നിരുന്നാലും, ഫെബ്രുവരിയില്‍ അതിന്റെ വിപണി വിഹിതം 47.9 ശതമാനമായി തുടര്‍ന്നു. കഴിഞ്ഞ മാസം 5.93 മില്യണ്‍ യാത്രക്കാരായിരുന്നു ഈ എയര്‍ലൈനുണ്ടായിരുന്നത്. അതേസമയം ജനുവരിയില്‍ ഇത് 6.12 മില്യണ്‍ യാത്രക്കാരായിരുന്നു.

എന്നാല്‍ സ്പൈസ് ജെറ്റ് ലിമിറ്റഡ് 1.89 മില്യണ്‍ യാത്രക്കാരുമായി 15.3 ശതമാനം വിപണി വിഹിതം നേടി. കഴിഞ്ഞ മാസം, അജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള എയര്‍ലൈനിന്റെ വിപണി വിഹിതം 16.6 ശതമാനത്തില്‍ നിന്ന് താഴേക്ക് പോയി. അതേസമയം 1.48 മില്യണ്‍ യാത്രക്കാരുമായി എയര്‍ ഇന്ത്യ ലിമിറ്റഡിന് 12 ശതമാനം വിപണി വിഹിതം നേടാനായി. ചുരുക്കത്തില്‍ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ 25.15 മില്യണ്‍ യാത്രക്കാരെയാണ് വിമാനക്കമ്പനികള്‍ വഹിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 23.85 മില്യണായിരുന്നു. 

2019 ല്‍ രേഖപ്പെടുത്തിയ മാന്ദ്യത്തിന് ശേഷം ആഭ്യന്തര വിമാന യാത്രക്കാരുടെ ഗതാഗതം വീണ്ടെടുക്കാന്‍ തുടങ്ങിയിരുന്നു. അതിനിടയിലുണ്ടായ കോവിഡ്-19 ദുരിതവും അനുബന്ധിച്ചുള്ള യാത്രാ നിയന്ത്രണങ്ങളും ഇതിനെ പ്രതികൂലമായി ബാധിച്ചു. മിക്ക യാത്രകള്‍ക്കും മാര്‍ച്ചില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഫെബ്രുവരിയിലെ കണക്കുകളില്‍ ഇത് പ്രതിഫലിച്ചിട്ടില്ല. ഫെബ്രുവരിയിലെ കോവിഡ് -19 പിടിയില്‍ നിന്ന് ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന മേഖലയെ സംരക്ഷിച്ചതായി ഡിജിസിഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നിരുന്നാലും, മാര്‍ച്ചിലെ കഥ വളരെ വ്യത്യസ്തമാകുമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Author

Related Articles