News

അഞ്ചു ദിവസം കൊണ്ട് സ്വര്‍ണത്തിന് കുറഞ്ഞത് 1000 രൂപ; ആഗോള വിപണിയിലെ വിലയിടിവ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു

കോഴിക്കോട്: സ്വര്‍ണവില കുത്തനെ ഉയരുന്ന കാഴ്ച്ച നാം കണ്ടതിന് പിന്നാലെ ഇപ്പോള്‍ സ്വര്‍ണത്തിന് വില കുറയുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വെറും അഞ്ചു ദിവസം കൊണ്ട് 1000 രൂപയാണ് കുറഞ്ഞത്. 28,120 രൂപയാണ് പവന് വില. കഴിഞ്ഞ ദിവസം പവന് 28,440 രൂപ വരെ എത്തിയിരുന്നു. ചൊവ്വാഴ്ച്ചത്തെ കണക്കുകള്‍ നോക്കിയാല്‍ ഗ്രാമിന് 3515 രൂപയായിരുന്നു വില. 29,120 എന്ന റെക്കോര്‍ഡ് വിലയിലേക്ക് സെപ്റ്റംബര്‍ ആദ്യവാരം സ്വര്‍ണ വില ഉയരുകയും ചെയ്തിരുന്നു.

ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത് ആഗോള വിപണിയിലെ വിലയിടിവാണെന്നും വ്യാപാരികള്‍ വ്യക്തമാക്കുന്നു.  ഈ വേളയില്‍ തന്നെയാണ് സ്വര്‍ണ നിക്ഷേപങ്ങളെ പറ്റിയും ചര്‍ച്ചകള്‍ ഉയരുന്നത്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഗോള്‍ഡ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) അല്ലെങ്കില്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്ജിബി) എന്നിവയില്‍ നിക്ഷേപം നടത്താവുന്നതാണ്. ഭൗതിക സ്വര്‍ണ്ണത്തില്‍ നിന്ന് വ്യത്യസ്തമായി, കൈവശം ലഭ്യമല്ലെങ്കിലും ആവശ്യമുള്ളപ്പോള്‍ വീണ്ടെടുക്കാന്‍ കഴിയുന്ന ഒരു നിക്ഷേപമായി ഇത് ഉപയോഗിക്കാം. 

ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നിയുക്ത പോസ്റ്റോഫീസുകള്‍, എന്‍എസ്ഇ, ബിഎസ്ഇ പോലുള്ള സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി നിങ്ങള്‍ക്ക് എസ്ജിബികളില്‍ നിക്ഷേപിക്കാം. ആഭരണം കൈവശമുള്ളവര്‍ക്ക് അവ വില്‍ക്കാതെ തന്നെ കാശ് സംഘടിപ്പിക്കാനുള്ള മാര്‍ഗമാണ് സ്വര്‍ണ വായ്പ.

Author

Related Articles