News

ക്രിപ്‌റ്റോ കറന്‍സികള്‍ക്കും വെര്‍ച്വല്‍ ആസ്തികള്‍ക്കുമുള്ള സോണായി ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍

ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്കും വെര്‍ച്വല്‍ ആസ്തികള്‍ക്കുമുള്ള പ്രത്യേക സോണായി മാറാന്‍ തയ്യാറെടുക്കുന്നു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഡിജിറ്റല്‍ ആസ്ഥികള്‍, ഉല്‍പ്പന്നങ്ങള്‍, ക്രിപ്‌റ്റോ കറന്‍സികള്‍, എക്‌സ്‌ചേഞ്ചുകള്‍ തുടങ്ങിയവക്കായി വേള്‍ഡ് ട്രേഡ് സെന്ററില്‍ പ്രത്യേക സോണ്‍ സ്ഥാപിക്കും.

പുതിയ സാമ്പത്തിക മേഖലകള്‍ സൃഷ്ടിക്കുന്നതിനുള്ള യുഎഇയുടെ നീക്കത്തിന്റെ ഭാഗമാണ് പ്രത്യേക ക്രിപ്‌റ്റോ സോണും. ക്രിപ്‌റ്റോ, വെര്‍ച്വല്‍ ആസ്തികളെ നിയന്ത്രിക്കാന്‍ പുതിയ നീക്കം സഹായകരമാവുമെന്ന് ദുബായ് മീഡിയ ഓഫീസ് ട്വിറ്റില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കള്‍, വിദേശത്തേക്ക് പണം അയക്കല്‍, തീവ്രവാദത്തിന് ധനസഹായം നല്‍കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങളും ദുബായി വേള്‍ഡ് ട്രേഡ് സെന്റര്‍ കൊണ്ടുവരും.

നിക്ഷേപകരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്വകാര്യ മേഖലയുമായി സഹകരിക്കും. ബിസിനസ്, ടെക്‌നോളജി മേഖലകളിലെ ആഗോള കേന്ദ്രം എന്ന നിലയില്‍ ദുബായിയുടെ സാധ്യതകള്‍ ക്രിപ്‌റ്റോ സോണ്‍ ഉയര്‍ത്തുമെന്നും ദുബായി മീഡിയ ഓഫീസ് അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ യുഎഇ സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റി ക്രിപ്റ്റോകറന്‍സി ആസ്തികളുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനും ലൈസന്‍സ് നല്‍കാനും ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ അതോറിറ്റിയെ അനുവദിച്ചിരുന്നു.


Author

Related Articles