News

എണ്ണ-ഇതര വിദേശ വ്യാപാര രംഗത്ത് തിരിച്ചുവരവ് നടത്തി ദുബായ്; വ്യാപാരം 1.182 ട്രില്യണ്‍ ദിര്‍ഹമായി വളര്‍ന്നു

ദുബായ്: കോവിഡ്-19 പകര്‍ച്ചവ്യാധി ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും എണ്ണ-ഇതര വിദേശ വ്യാപാര രംഗത്ത് കഴിഞ്ഞ വര്‍ഷം ശക്തമായ തിരിച്ചുവരവ് നടത്തി പശ്ചിമേഷ്യയിലെ പ്രാദേശിക ബിസിനസ്, ടൂറിസം ഹബ്ബായ ദുബായ്.  1.182 ട്രില്യണ്‍ ദിര്‍ഹത്തിന്റെ വിദേശ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം ദുബായ് നടത്തിയത്. വര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ പ്രകടമായ സാമ്പത്തിക വീണ്ടെടുപ്പാണ് എമിറേറ്റിന്റെ വിദേശ വ്യാപാരത്തിന് കരുത്ത് പകര്‍ന്നതെന്ന് ദുബായ് മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു.

വെല്ലുവിളികളെ അതിജീവിക്കാനും അഗോള പ്രതിസന്ധികള്‍ക്കിടയിലും വളര്‍ച്ച നേടാനും വീണ്ടെടുപ്പ് നടത്താനുമുള്ള ദുബായുടെ കഴിവാണ് വിദേശ വ്യാപാര രംഗത്തെ അസാധാരണ വളര്‍ച്ച പ്രകടമാക്കുന്നതെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അവകാശപ്പെട്ടു. മികച്ച ഭരണവും ദുബായ് സര്‍ക്കാരിന്റെ ഉത്തേജന പാക്കേജുകളുമാണ് ഈ വളര്‍ച്ച സാധ്യമാക്കിയതെന്നും ഷേഖ് ഹംദാന്‍ കൂട്ടിച്ചേര്‍ത്തു.   

കൊറോണ വൈറസ് പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം സമ്പദ് വ്യവസ്ഥയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ നിരവധി പദ്ധതികളാണ് ദുബായ് പ്രഖ്യാപിച്ചത്. പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മറികടക്കുന്നതിനായി ഏതാണ്ട് 6.8 ബില്യണിന്റെ ഉത്തേജന പാക്കേജും ദുബായ് പ്രഖ്യാപിച്ചിരുന്നു. വിദേശ വ്യാപാരം 2 ട്രില്യണ്‍ ദിര്‍ഹമാക്കി ഉയര്‍ത്തുന്നതിനും വ്യോമ, നാവിക പാതകള്‍ വികസിപ്പിക്കുന്നതിനുമായി ഒരു പഞ്ചവല്‍സര പദ്ധതിയും ദുബായ്  മുന്നോട്ട് വെച്ചിട്ടുണ്ട്. നിലവില്‍ 400 നഗരങ്ങളിലായി വ്യാപിച്ച് കിടക്കുന്ന വ്യാപാര ശൃംഖല മറ്റ് 200 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും ദുബായിക്ക് പദ്ധതിയുണ്ട്.

എണ്ണ-ഇതര വിദേശ വ്യാപാര മേഖലയുടെ തിരിച്ചുവരവ് 2021ലെ വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തേകുമെന്ന് ഡിപി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും തുറമുഖം, കസ്റ്റംസ്, സ്വതന്ത്ര മേഖല കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ സുല്‍ത്താന്‍ ബിന്‍ സുലെയം അഭിപ്രായപ്പെട്ടു. ഖത്തറുമായുള്ള വ്യാപാരം പുനഃരാരംഭിച്ചതും ഇസ്രയേലുമായുള്ള വ്യാപാര പങ്കാളിത്തവും എക്സ്പോ 2020 യുമായി ബന്ധപ്പെട്ട ശുഭപ്രതീക്ഷകളും ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍ അവതരണവും എമിറേറ്റിന്റെ വളര്‍ച്ചയ്ക്ക് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Author

Related Articles