News

പണി കിട്ടി ഇ-കൊമേഴ്‌സ് കമ്പനികള്‍; പിടി മുറുക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ആഗോള കുത്തക കമ്പനികള്‍ അടക്കമുള്ള ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കെതിരെ അന്വേഷണം നടക്കുന്നതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ഇ-കൊമേഴ്‌സ് ചട്ടങ്ങള്‍ ലംഘിക്കുന്നതായി ഉപഭോക്താക്കളും റീടെയ്ല്‍ വ്യാപാരികളും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

ഇ-കൊമേഴ്‌സ് പോളിസിയിലെ ചില നിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്നും മന്ത്രി പറഞ്ഞു. കമ്പനികള്‍ക്ക് കൂടി സ്വീകാര്യമായ വിധത്തില്‍ പ്രവര്‍ത്തിക്കാനാവും വിധത്തിലാണ് വ്യക്തത വരുത്തുന്നത്. എന്നാല്‍, ഇ-കൊമേഴ്‌സ് പോളിസിയില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വിശദീകരിച്ചു.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ സേവന ദാതാക്കള്‍ മാത്രമാണ്. വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനുമുള്ള ഒരു ഓണ്‍ലൈന്‍ പ്രതലം മാത്രമാണിത്. കമ്പനികള്‍ വ്യാപാര ഇടപാടുകളുടെ ഭാഗമാകരുതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ഉല്‍പ്പന്നത്തിന് കൂടുതല്‍ പ്രചാരം നല്‍കാനോ ഒരു കമ്പനിയുടെ ഉല്‍പ്പന്നത്തിന്റെ വില സമാനമായ മറ്റൊരു ഉല്‍പ്പന്നത്തിന്റെ വിലയില്‍ നിന്നും വളരെയധികം കുറയ്ക്കരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മൊബൈല്‍, എഫ്എംസിജി, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ അപ്ലയന്‍സ്, സ്‌പോര്‍ട്‌സ് ആന്റ് ഫിറ്റ്‌നെസ് എന്നിവയുടെ നിര്‍മ്മാതാക്കളായ വിദേശ കുത്തക കമ്പനികളും തദ്ദേശീയ കോര്‍പറേറ്റ് ഭീമന്മാരും ആമസോണും ഫ്‌ലിപ്കാര്‍ട്ടും അടക്കമുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വമ്പന്‍ ഇളവുകള്‍ നല്‍കുന്നതിനെതിരാണ് വ്യാപാരി സമൂഹം. അതിനാല്‍ തന്നെ ദീര്‍ഘകാലമായി കേന്ദ്രസര്‍ക്കാരിന് മേല്‍ വ്യാപാരി സമൂഹം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇതാണ് പുതിയ പോളിസി രൂപീകരണത്തിനും പിന്നില്‍.

Author

Related Articles