News

1500 മെഗാവാട്ട് സൗരോര്‍ജം ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇ.ഇ.എസ്.എല്‍; 2020-21 വര്‍ഷത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ശ്രമം; സ്മാര്‍ട്ട് മീറ്ററുകളുടെ എണ്ണം കൂട്ടുന്നതും പരിഗണനയില്‍; വരുന്നത് ഊര്‍ജരംഗത്തെ വിപ്ലവം

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എനര്‍ജി എഫിഷ്യന്റ് സര്‍വീസസ് ലിമിറ്റഡ് 2020-21 വര്‍ഷത്തില്‍ പുത്തന്‍ ആശയങ്ങളുമായി രംഗത്ത്. സൗരോര്‍ജ പ്ലാന്റുകളില്‍ നിന്നും 1500 മെഗാവാട്ട് സൗരോര്‍ജം ഉത്പാദിപ്പിക്കാനായിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. രാജ്യവ്യാപകമായി 2020 വര്‍ഷത്തിന്റെ അവസാനത്തോടെയും 2021 ന്റെ ആരംഭത്തിലുമായി നേട്ടം കൈവരിക്കാനാണ് ശ്രമം എന്ന് മാനേജിംഗ് ഡയറക്ടര്‍ സൗരഭ് കുമാര്‍ പറഞ്ഞു.

800 മെഗാവാട്ട് സൗരോര്‍ജ്ജത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അതില്‍ 100 മെഗാവാട്ട് ഇ.ഇ.എസ്.എല്‍ ഇതിനോടകം തന്നെ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെന്നും കുമാര്‍ പറഞ്ഞു. 113 മെഗാവാട്ട് സൗരോര്‍ജ്ജ വിതരണ പദ്ധതികള്‍ സ്ഥാപിക്കാന്‍ രാജസ്ഥാന്‍ ഇ.ഇ.എസ്.എല്ലിന് അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ കാര്‍ഷികാവശ്യക്കാര്‍ക്ക് യൂണിറ്റിന് 3.10 രൂപ നിരക്കില്‍ ഇ.ഇ.എസ്.എല്‍ വൈദ്യുതി വിതരണം ചെയ്യുന്നു. കാരണം പദ്ധതിക്കായി ഭൂമി നല്‍കുന്നത് സംസ്ഥാനമാണ്. അതേസമയം  രാജസ്ഥാനില്‍ യൂണിറ്റിന് 3.90 രൂപ നിരക്കിലാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. കാരണം ഭൂമി ഏറ്റെടുക്കല്‍ ചെലവ് അധികമായി വരുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഒരു സ്ഥലത്ത് 10 മെഗാവാട്ടില്‍ കൂടുതല്‍ സൗരോര്‍ജ്ജ ശേഷിയുള്ള സ്റ്റേഷന്‍  സ്ഥാപിക്കില്ലെന്നും കുമാര്‍ പറഞ്ഞു. ഓരോ സബ്‌സ്റ്റേഷനിലും ഈ സൗരോര്‍ജ്ജ നിലയങ്ങളുടെ ശേഷി 0.5 മെഗാവാട്ട് മുതല്‍ 10 മെഗാവാട്ട് വരെയാണ്. വികേന്ദ്രീകൃത സോളാര്‍ പ്ലാന്റുകള്‍ വഴി കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് കുമാര്‍ പറഞ്ഞു. ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഏരിയ, ഉത്തര്‍പ്രദേശ്, ഹരിയാന, ബീഹാര്‍ എന്നിവിടങ്ങളിലായി 1.1 മില്യണ്‍ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ 250 മില്യണ്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനാണ് ഇ.ഇ.എസ്.എല്‍ ലക്ഷ്യമിടുന്നത്.

Author

Related Articles