News

മെ​ഗാ പദ്ധതികള്‍ മാറ്റി വച്ച് ഈജിപ്റ്റ്; തീരുമാനം കൊറോണ പശ്ചാത്തലത്തിൽ

കെയ്‌റോ: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഗ്രാന്‍ഡ് ഈജിപ്ഷ്യന്‍ മ്യൂസിയവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആസ്ഥാനം പുതിയതായി വിഭാവനം ചെയ്ത തലസ്ഥാനത്തേക്ക് മാറ്റുന്നതടക്കമുള്ള സുപ്രധാന പദ്ധതികള്‍ നടപ്പിലാക്കുന്നത് അടുത്ത വര്‍ഷത്തേക്ക് നീട്ടിവെക്കാന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്ത അല്‍ സീസി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പുതിയ മ്യൂസിയം ഈ വര്‍ഷം അവസാനം തുറക്കേണ്ടതായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആദ്യ സംഘത്തെ ജൂണോടെ പുതിയ ഭരണതലസ്ഥാനത്തേക്ക് മാറ്റാനും സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു.

കെയ്‌റോയില്‍ നിന്നും 45 കി.മീ പടിഞ്ഞാറുള്ള നഗരത്തിലാണ് സീസി സര്‍ക്കാര്‍ പുതിയ തലസ്ഥാന നഗരം വിഭാവനം ചെയ്യുന്നത്. 2020 മധ്യത്തോടെ പുതിയ തലസ്ഥാന നഗരി പ്രവര്‍ത്തനസജ്ജമാക്കാനായിരുന്നു പദ്ധതി. എന്നാല്‍ 58 ബില്യണ്‍ ഡോളറിന്റെ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ട ഫണ്ടുകള്‍ സ്വന്തമാക്കുന്നതിലെ ബുദ്ധിമുട്ടുകളും ചില നിക്ഷേപകര്‍ പിന്മാറിയത് മൂലമുള്ള മറ്റ് വെല്ലുവിളികളും കാരണം പദ്ധതി ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയിലാണ്.

Author

Related Articles