എന്തുകൊണ്ട് ടെസ്ല ഇന്ത്യയിലേക്കില്ല? വ്യക്തത വരുത്തി ഇലോണ്‍ മസ്ക്
ഇന്ത്യന്‍ പദ്ധതികളില്‍ വ്യക്തത വരുത്തി ഇലോണ്‍ മസ്ക്. ഇന്ത്യയില്‍ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാനും, സേവനം നല്‍കാനും അനുവദിക്കാത്തിടത്തോളം കാലം ഒരു കാര്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നു പോലുമില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെയും നിലപാട് സമാനമാണ്. പുറത്തുനിന്ന് വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കേണ്ടതില്ലെന്ന നിലപാടില്‍ സര്‍ക്കാരും ഉറച്ചു നില്ക്കുന്നിടത്തോളം ടെസ്ല ആരാധകര്‍ക്കു നിരാശ തന്നെയാകും ഫലം.
മസ്കിന്റെ കീഴിലുള്ള സ്പേസ് എക്സ് അതിവേഗ സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് രാജ്യത്ത് അവതരിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതിക്കായി കുറച്ചു നാളായി കാത്തിരിക്കുകയാണ്. ഇന്ത്യയിലേക്കുള്ള വരവിനു മുന്നോടിയായി കമ്പനി ഉപയോക്താക്കളില്‍ നിന്നു മുന്‍കൂര്‍ തുക ഈടാക്കി തുടങ്ങിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇടപെടലുകളെ തുടര്‍ന്നു ഇത് മരവിപ്പിച്ചിരുന്നു. സ്റ്റാര്‍ലിങ്കിന് അനുമതി വൈകിപ്പിക്കുന്ന സര്‍ക്കാര്‍ തീരുമാനവും ലോക കോടീശ്വരനെ ടെസ്ലയുടെ കാര്യത്തില്‍ ചൊടിപ്പിച്ചെന്നാണു വിലയിരുത്തല്‍.
കേന്ദ്രമന്ത്രിമാര്‍, പ്രത്യേകിച്ച് റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാന്‍ മസ്കിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മസ്ക് ഇന്ത്യയില്‍ ഒരു ടീമിനെ നിയമിച്ചിരുന്നെങ്കിലും അവരിപ്പോള്‍ മിഡില്‍ ഈസ്റ്റിലും, ഏഷ്യ- പസഫിക് വിപണികളിലുമാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടെസ്ല വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന മസ്കിന്റെ ആവശ്യം ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ടെസ്ലയുടെ നീക്കം. തെലങ്കാന വ്യവസായ മന്ത്രി കെ. ടി. രാമറാവു മുതല്‍ മഹാരാഷ്ട്ര മന്ത്രിയും സംസ്ഥാന എന്‍സിപി പ്രസിഡന്റുമായ ജയന്ത് പാട്ടീല്‍ വരെ നിരവധി ഇന്ത്യന്‍ നേതാക്കള്‍ ടെസ്ലയെ തങ്ങളുടെ അധികാര പരിധികളിലേക്കു സ്വാഗതം ചെയ്തിരുന്നു.
നിലവില്‍ ഇന്‍ഷുറന്‍സ്, ഷിപ്പിങ് ചെലവുകള്‍ ഉള്‍പ്പെടെ 40,000 ഡോളറില്‍ (30 ലക്ഷം രൂപ) കൂടുതല്‍ വില വരുന്ന ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് ഇന്ത്യ 100 ശതമാനം നികുതി ചുമത്തുന്നുണ്ട്. 40,000 ഡോളറില്‍ താഴെ വില വരുന്ന കാറുകള്‍ക്ക് 60 ശതമാനം ഇറക്കുമതി നികുതിയാണ് ബാധകമാകുന്നത്.
നികുതി ചുമത്തുന്നതോടെ ടെസ്ല കാറുകള്‍ ഇന്ത്യന്‍ വിപണികളില്‍ ആകര്‍ഷകമല്ലാതാകും. ഇതാണ് നികുതി കുറയ്ക്കാര്‍ മസ്ക് ആവശ്യപ്പെട്ടതിനു കാരണം. എന്നാല്‍ ടെസ്ല ഇന്ത്യയില്‍ നിര്‍മാണം തുടങ്ങിയാല്‍ ഇറക്കുമതി നികുതിയുടെ പ്രശ്നം ഒഴിവാകും. പക്ഷേ അതിന് വലിയ നിക്ഷേപം നടത്തേണ്ടി വരും. ഇലക്ട്രിക് യുഗത്തിലേക്കു പിച്ചവച്ചു തുടങ്ങുന്ന ഇന്ത്യയില്‍ ഇപ്പോള്‍ ഇത്രയും നിക്ഷേപം നടത്താന്‍ മസ്കിന് താല്‍പര്യമില്ലെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍