News

ലോകത്തിലെ രണ്ടാമത്തെ വലിയ പണക്കാരനെന്ന പദവിയില്‍ നിന്ന് ഇലോണ്‍ മസ്‌ക് പുറത്ത്

ലോകത്തിലെ രണ്ടാമത്തെ വലിയ പണക്കാരനെന്ന പദവി നഷ്ടമായി ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. എല്‍വിഎംഎം കമ്പനി ഉടമ ബെര്‍ണാല്‍ഡ് അര്‍ണോള്‍ഡിനാണ് പുതുതായി ഈ പദവി ലഭിച്ചിരിക്കുന്നത്. ആഡംബര ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന മുന്‍നിര കമ്പനിയാണ് എല്‍വിഎംഎം. ആമസോണ്‍ ഉടമ ജെഫ് ബെസോസാണ് സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 160.6 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് ടെസ്ല തലവന്റെ ആസ്തി.

എന്നാല്‍ കഴിഞ്ഞ ദിവസം ടെസ്ല ഓഹരികള്‍ 2.2 ശതമാനം കുറഞ്ഞതോടെയാണ് മസ്‌കിന് സമ്പന്നരുടെ പട്ടികയിലെ രണ്ടാം സ്ഥാനം നഷ്ടമായത്. കഴിഞ്ഞ മാര്‍ച്ചില്‍ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് മസ്‌ക് എത്തിയിരുന്നു. എന്നാല്‍ അധികം വൈകാതെ പുറകോട്ട് പോയി. ഈ വര്‍ഷം മാത്രം മസ്‌കിന്റെ സമ്പദ്യത്തില്‍ 9.1 ബില്ല്യണ്‍ ഡോളറിന്റെ കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ മൂല്യത്തിലുണ്ടായ ഇടിവാണ് മസ്‌കിന്റെ കമ്പനി ഓഹരികളെ ബാധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം തന്നെ ഇലക്ട്രിക്ക് കാര്‍ രംഗത്തേക്ക് കൂടുതല്‍ പരമ്പരാഗത കാര്‍ നിര്‍മ്മാണ കമ്പനികള്‍ വരവറിയിച്ചതും മസ്‌കിന്റെ ടെസ്ലയുടെ ഓഹരി ഇടിവിന് കാരണമാക്കി. കാറുകള്‍ക്ക് വേണ്ടുന്ന ചിപ്പുകള്‍ക്ക് ആഗോളതലത്തില്‍ തന്നെ ക്ഷാമം നേരിടുകയാണ്, ഇത് വാഹന വിപണിയില്‍ പ്രതിഭലിക്കുന്നുണ്ട്. ഇതും മസ്‌കിന് തിരിച്ചടിയായി എന്നാണ് സൂചന.

Author

Related Articles