News

ട്വിറ്ററിന് വിലയിട്ട് ഇലോണ്‍ മസ്‌ക്; 4100 കോടി ഡോളറിന് ഏറ്റെടുക്കാമെന്ന് വാഗ്ദാനം

വാഷിങ്ടണ്‍: സാമൂഹിക മാധ്യമമായ ട്വിറ്ററിന് വില പറഞ്ഞ് പ്രമുഖ വ്യവസായിയും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌ക്. 4100 കോടി ഡോളറിന് ട്വിറ്റര്‍ വാങ്ങാമെന്ന ഓഫറാണ് ഇലോണ്‍ മസ്‌ക് മുന്നോട്ടുവച്ചിരിക്കുന്നത്. ട്വിറ്റര്‍ ചെയര്‍മാന് ഇലോണ്‍ മസ്‌ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. വ്യാഴാഴ്ച നടന്ന റെഗുലേറ്ററി ഫയലിങ്ങിലൂടെ ഇലോണ്‍ മസ്‌കിന്റെ ഓഫര്‍ പ്രൈസ് പുറത്തുവന്നു. ഒരു ഓഹരിക്ക് 54.20 ഡോളറാണ് മസ്‌ക് വിലയിട്ടിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് ഓഹരി വിപണി അവസാനിച്ചപ്പോള്‍ ഉള്ള വിലയുടെ 38 ശതമാനം അധികമാണിത്. നിലവില്‍ ട്വിറ്ററില്‍ ടെസ്ലയ്ക്ക് ഓഹരിപങ്കാളിത്തമുണ്ട്.

'മെച്ചപ്പെട്ട ഓഫറാണ് ഞാന്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചില്ലെങ്കില്‍ ട്വിറ്ററിന്റെ ഓഹരിയുടമ എന്ന നിലയിലുള്ള പദവിയെ കുറിച്ച് പുനഃപരിശോധന നടത്തേണ്ടി വരുമെന്ന് ഇലോണ്‍ മസ്‌ക് പറയുന്നു. ഈയാഴ്ചയുടെ തുടക്കത്തില്‍ ട്വിറ്ററിന്റെ ബോര്‍ഡ് അംഗമാവാനുള്ള തീരുമാനം വേണ്ടെന്ന് വച്ചതായി മസ്‌ക് അറിയിച്ചിരുന്നു. ബോര്‍ഡ് അംഗമായാല്‍ കമ്പനിയെ ഏറ്റെടുക്കാനുള്ള തന്റെ പദ്ധതിക്ക് തടസ്സം നേരിടുമെന്നാണ് ഇതിന് വിശദീകരണമായി മസ്‌ക് പറഞ്ഞത്.

Author

Related Articles