'ഇടിമിന്നല്‍' പോലെ മിന്നിമറഞ്ഞ് ടെസ്ലയുടെ ടെക്കീല; മണിക്കൂറുകള്‍ക്കകം സ്റ്റോക്ക് തീര്‍ന്ന് ടെസ്ലയുടെ മദ്യം
മെക്സിക്കോ സിറ്റി: ലോകത്തെ പലതവണ ഞെട്ടിച്ചിട്ടുള്ള ആളാണ് ടെസ്ല ഉടമയായ എലോണ്‍ മസ്ക്. 2018 ലെ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ടെസ്ലയുടെ ടെക്കീല എന്ന ആശയവുമായി 'ടെസ്ലക്വില' എന്ന് ട്വീറ്റ് ചെയ്തപ്പോള്‍ അതൊരു തമാശയായിരുന്നു എന്നാണ് പലരും കണ്ടത്. എന്തായാലും ടെസ്ലയുടെ ടെക്കീല എത്തി. ഓണ്‍ലൈന്‍ ആയിട്ടായിരുന്നു വില്പന. വില്പന തുടങ്ങി മണിക്കൂറുകള്‍ക്കകം 'ഔട്ട് ഓഫ് സ്റ്റോക്ക്' ആവുകയും ചെയ്തു.
എലോണ്‍ മസ്ക് എന്ന് പറഞ്ഞാല്‍ ശതകോടീശ്വരന്മാര്ക്കിടയിലെ ഒരു വ്യത്യസ്തനാണ്. ഇലക്ട്രിക് കാറുകളില്‍ തുടങ്ങി, സ്പേസ് എക്സിലൂടെ സ്വകാര്യ റോക്കറ്റിലൂടെ പലപല പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് അദ്ദേഹം. അതിനിടയിലാണ് ടെസ്ലയുടെ പേരില്‍ ഒരിനം മദ്യം-ടെക്കീല പുറത്തിറക്കിയത്.
ഇടിമിന്നലിന്റെ ആകൃതിയിലുള്ള കുപ്പിയിലാണ് ടെസ്ലയുടെ ടെക്കീല എത്തിയത്. ആദ്യം ഒരല്പം വിവാദത്തിനൊക്കെ വഴിവച്ചെങ്കിലും ഒടുവില്‍ ഓണ്‍ലൈനിലൂടെ വില്പനയ്ക്കെത്തി നിമിഷങ്ങള്‍ക്കകം ഔട്ട് ഓഫ് സ്റ്റോക്ക് ആയി. ഒരു ബോട്ടിലിന് 250 ഡോളര്‍ ആണ് ടെസ്ല ടെക്കീലയുടെ വില. ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ ഏതാണ്ട് 18,490 രൂപ വരും. എന്തായാലും ടെസ്ലയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറില്‍ വില്പനയ്ക്കായി പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും സംഗതി ഔട്ട് ഓഫ് സ്റ്റോക്ക് ആയി.
യഥാര്‍ത്ഥത്തില്‍ സ്റ്റോക്ക് തീര്ന്നുപോയതാണോ, അതോ ടെസ്ല ടെക്കീലയുടെ കച്ചവടം എലോണ്‍ മസ്ക് അവസാനിപ്പിച്ചതാണോ എന്നത് ഇപ്പോഴും വ്യക്തമല്ല. അത്തരത്തിലുള്ള പല കുസൃതികളും പലപ്പോഴായി ചെയ്തിട്ടുള്ള ആളാണ് മസ്ക് എന്നതുകൊണ്ട് തന്നെ കമ്പനിയില്‍ നിന്നുള്ള ഔദ്യോഗികമായ ഒരു വിശദീകരണം കാത്തിരിക്കുകയാണ് ആളുകള്‍.
2018 ല്‍ ടെസ്ലക്വില എന്ന പേര് മസ്ക് പുറത്ത് വിട്ടപ്പോള്‍ അത് വലിയ വിവാദത്തിനും വഴിവച്ചിരുന്നു. മെക്സിക്കോയിലെ ടെക്കീല ഉത്പാദകരായിരുന്നു പേരിനെതിരെ രംഗത്ത് വന്നത് ടെക്കീല എന്നത് ഒരു സംരക്ഷിത നാമമാണെന്നും ടെസ്ലക്വില അതിന് വെല്ലുവിളിയായേക്കും എന്നതും ആയിരുന്നു അവരുടെ വാദങ്ങള്‍. ഒരു മെക്സിക്കന്‍ മദ്യമാണ് ടെക്കീല എന്ന് അറിയപ്പെടുന്നത്. മെക്സിക്കന്‍ സംസ്ഥാനമായ ജലിസ്കോയിലെ ഒരു നഗരത്തിന്റെ പേരാണ് ടെക്വില എന്നത്. ഇവിടെ ഉള്ള നീല അഗേവ് ചെടിയില്‍ നിന്നാണ് ടെക്കീല എന്ന മദ്യം നിര്‍മിക്കുന്നത്. ലോകമെങ്ങും ആരാധകരുള്ള ഒരു മദ്യമാണ് ടെക്കീല.
എല്ലാ അനുമതികളോടും അംഗീകരത്തോടും കൂടിയാണ് ടെസ്ല ടെക്കീല ഉത്പാദിപ്പിക്കുന്നത്. ഡെസ്റ്റിലാദോറ ഡെല്‍ വല്ലെ ഡി ടെക്കീല എന്ന പ്രമുഖ ഡിസ്റ്റിലറിയാണ് ടെസ്ലയ്ക്ക് വേണ്ടിയും ടെക്കീല ഉത്പാദിപ്പിച്ചുകൊടുക്കുന്നത്. അമേരിക്കയിലെ ന്യൂര്‍ക്ക്, കാലിഫോര്‍ണിയ, വാഷിങ്ടണ്‍ തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലേ ടെസ്ല ടെക്കീല ലഭ്യമാകൂ എന്ന് വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടൊക്കെ തന്നെ ഇത് എലോണ്‍ മസ്കിന്റെ ഒരു പതിവ് തമാശയാകാന്‍ സാധ്യതയില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍