News

വ്യോമഗതാഗതം മെച്ചപ്പെട്ടില്ലെങ്കില്‍ വീണ്ടും ധന സമാഹരണം നടത്തേണ്ടി വരുമെന്ന് എമിറേറ്റ്സ്

ദുബായ്: വ്യോമഗതാഗത മേഖല ഉടന്‍ ഡിമാന്‍ഡ് വീണ്ടെടുത്തില്ലെങ്കില്‍, വീണ്ടും ധന സമാഹരണം നടത്തേണ്ടി വരുമെന്നും മിക്കവാറും അത് ദുബായ് സര്‍ക്കാരില്‍ നിന്നുള്ള ധനസഹായമായിരിക്കുമെന്നും ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് വിമാനക്കമ്പനിയുടെ പ്രസിഡന്റ് ടിം ക്ലാര്‍ക്ക്. ആഗോളതലത്തിലുള്ള വാക്സിന്‍ വിതരണത്തിലൂടെ വിമാനയാത്രയിലുള്ള വിശ്വാസം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു എമിറേറ്റ്സ് എങ്കിലും വാക്സിന്‍ വിതരണം ആരംഭിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴും വ്യോമയാന രംഗത്ത് ഏതെങ്കിലും രീതിയിലുള്ള ഉണര്‍വ്വ് പ്രകടമായിട്ടില്ല. ഈ സാഹചര്യത്തില്‍ മിക്ക കമ്പനികളും വിമാനങ്ങള്‍ നിലത്തിറക്കേണ്ടതോ ആളുകളില്ലാതെ സര്‍വ്വീസ് നടത്തേണ്ടതോ ആയ അവസ്ഥയിലാണ്.   

പണലഭ്യതയില്‍ അടുത്ത ആറോ ഏഴോ എട്ടോ മാസങ്ങള്‍ കൂടി പ്രശ്നങ്ങളില്ലാതെ പ്രവര്‍ത്തിക്കാനുള്ള അവസ്ഥയിലാണ് കമ്പനിയെന്നും ലാഭമൊന്നുമില്ലാതെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇപ്പോഴാകുമെന്നും ഓണ്‍ലൈന്‍ വേള്‍ഡ് ഏവിയേഷന്‍ ഫെസ്റ്റിവലില്‍ ടിം ക്ലാര്‍ക്ക് പറഞ്ഞു. പക്ഷേ ആറുമാസങ്ങള്‍ക്ക് ശേഷവും ഇന്നുള്ളത് പോലെ തന്നെയാണ് വിമാനയാത്രയ്ക്കുള്ള ഡിമാന്‍ഡ് എങ്കില്‍ ബാക്കിയെല്ലാവരെയും പോലെ എമിറേറ്റ്സും സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന് ക്ലാര്‍ക്ക് വ്യക്തമാക്കി.

വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 12.6 ബില്യണ്‍ ദിര്‍ഹം (3.4 ബില്യണ്‍ ഡോളര്‍) നഷ്ടം നേരിട്ട എമിറേറ്റ്സിന് കമ്പനിയിലെ ഏക ഓഹരിയുടമയായ ദുബായ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം 2 ബില്യണ്‍ ദിര്‍ഹം വിഹിതമായി നല്‍കിയിരുന്നു. ധനസമാഹരണം നടത്തുന്നതിനായി ദുബായ് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുമെന്ന് ടിം ക്ലാര്‍ക്ക് വ്യക്തമാക്കി. എന്നാല്‍ അത് എപ്പോഴായിരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും മെച്ചപ്പെട്ട സാമ്പത്തിക പ്രകടനമാണ് എമിറേറ്റ്സ് കാഴ്ച വെച്ചതെന്നും ക്ലാര്‍ക്ക് സൂചിപ്പിച്ചു.   

എന്നിരുന്നാലും വിമാനയാത്രയ്ക്ക് ഡിമാന്‍ഡ് ഉയര്‍ന്നില്ലെങ്കില്‍ സെപ്റ്റംബര്‍-ഒക്ടോബറോടെ സ്ഥിതിഗതികള്‍ മാറുമെന്ന് ക്ലാര്‍ക്ക് പറഞ്ഞു. ആ അവസ്ഥയില്‍ പുറത്ത് നിന്ന് ധനം കണ്ടെത്തേണ്ട അവസ്ഥയുണ്ടാകും.151 ബോയിംഗ് 777 വിമാനങ്ങളുമായാണ് എമിറേറ്റ്സ് സര്‍വ്വീസ് പുനഃരാരംഭിച്ചത്. പ്രധാനമായും കാര്‍ഗോ സേവനങ്ങളാണ് കമ്പനി നിലവില്‍ നടത്തുന്നത്. പ്രതിദിനം 20,000 മുതല്‍ 30,000 വരെ യാത്രക്കാരാണ് എമിറേറ്റ്സില്‍ യാത്ര നടത്തുന്നത്. ചരക്ക് നീക്കത്തിന് ഉയര്‍ന്ന് ഡിമാന്‍ഡ് അനുഭവപ്പെടുന്നതിനാല്‍ കാലാവധി അവസാനിക്കാറായ 777 പാസഞ്ചര്‍ വിമാനങ്ങളെ കാര്‍ഗോ വിമാനങ്ങളാക്കാന്‍ എമിറേറ്റ്സിന് പദ്ധതിയുണ്ടെന്ന് ക്ലാര്‍ക്ക് പറഞ്ഞു.

Author

Related Articles