News

ഇപിഎഫ് വരിക്കാര്‍ക്ക് പലിശ രണ്ടുഘട്ടമായി അക്കൗണ്ടില്‍ വരവുവെയ്ക്കും; ആദ്യഘട്ടം 8.15 ശതമാനം പലിശ

ഇപിഎഫ് വരിക്കാര്‍ക്ക് ഇത്തവണ രണ്ടുഘട്ടമായിട്ടായിരിക്കും പലിശ അക്കൗണ്ടില്‍ വരവുവെയ്ക്കുക. നിക്ഷേപങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചതുപോലെ വരുമാനം ലഭിക്കാതിരുന്നതിനെതുടര്‍ന്നാണ് ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗം ഇത്തരത്തിലൊരു തീരുമാനമെടുത്തത്.  ആദ്യഘട്ടമായി 8.15 ശതമാനം പലിശ ഉടനെ വരിക്കാരുടെ അക്കൗണ്ടില്‍ വരവുവെയ്ക്കും. 0.35 ശതമാനം പലിശയാകട്ടെ ഡിസംബറിലാകും അക്കൗണ്ടിലെത്തുക.

ഓഹരിയിലെ നിക്ഷേപം നഷ്ടത്തിലായതും മറ്റു നിക്ഷേ പദ്ധതികളില്‍നിന്നുള്ള ആദായത്തില്‍ കാര്യമായി ഇടിവുവന്നതുംമൂലം പലിശകുറയ്ക്കുന്നതിന് ഇപിഎഫ്ഒയുടെമേല്‍ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ 8.5ല്‍നിന്ന് പിന്നോട്ടുപോകേണ്ടെന്നാണ് ബോര്‍ഡ് യോഗം തീരുമാനിച്ചത്.

2019-20 സാമ്പത്തികവര്‍ഷത്തില്‍ ഓഹരി നിക്ഷേപം 8.3ശതമാനം നഷ്ടത്തിലായി. മുന്‍വര്‍ഷം 14.7ശതമാനം ആദായമാണ് ഓഹരിയില്‍നിന്ന് ലഭിച്ചത്. കോവിഡ് വ്യാപനംമൂലം വിപണിയിടിഞ്ഞതാണ് നഷ്ടമുണ്ടാകാനിടയാക്കിയത്.

2019-20 സാമ്പത്തികവര്‍ഷത്തില്‍ 31,501 കോടി രൂപയാണ് ഇപിഎഫ്ഒ ഇടിഎഫില്‍ നിക്ഷേപിച്ചത്. സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍നിന്ന് ലഭിച്ച ആദായത്തിലും കാര്യമായ കുറവുണ്ടായി. പുതിയ സാഹചര്യം പരിഗണിച്ച് രണ്ട് ഘട്ടമായി പലിശ വരവുവെയ്ക്കാന്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തെ പലിശ 8.5ശതമാനമായി കഴിഞ്ഞ മാര്‍ച്ചിലാണ് ഇപിഎഫ്ഒ നിശ്ചയിച്ചത്. മുന്‍വര്‍ഷത്തേക്കാല്‍ 0.15ശതമാനം കുറവായിരുന്നു ഇത്.

Author

Related Articles