News

കൊവിഡ് പ്രതിസന്ധിയിലും നേട്ടം കൊയ്ത് ഇപിഎഫ്ഒ; പുതുതായി 12.37 ലക്ഷം അംഗങ്ങള്‍

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയിലും പുതിയ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. 2021 ഫെബ്രുവരിയില്‍ മാത്രം 12.37 ലക്ഷം പേരാണ് ഇപിഎഫ്ഒയില്‍ പുതുതായി അംഗങ്ങളായത്. കോവിഡ് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും നടപ്പ് സാമ്പത്തിക വര്‍ഷം 69.58 ലക്ഷം പേരെ പുതുതായി നിധിയുടെ ഭാഗമാക്കാന്‍ ഇപിഎഫ്ഒയ്ക്ക് സാധിച്ചു. 2021 ഏപ്രില്‍ 20ന് പ്രസിദ്ധീകരിച്ച പുതിയ പ്രൊവിഷണല്‍ പേറോള്‍ ഡാറ്റായിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

2021 ജനുവരിയെ അപേക്ഷിച്ച് 2021 ഫെബ്രുവരിയില്‍ പുതിയ അംഗങ്ങളുടെ എണ്ണത്തില്‍ 3.52 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അടിസ്ഥാനമാക്കിയുള്ള താരതമ്യ പഠനത്തില്‍ നിന്നും, 2020 ഫെബ്രുവരിയെ അപേക്ഷിച്ച് ഇത്തവണ അംഗങ്ങളുടെ എണ്ണത്തില്‍ 19.63 ശതമാനം വര്‍ധന ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2021 ഫെബ്രുവരിയില്‍ പുതുതായി അംഗങ്ങളായ 12.37 ലക്ഷം പേരില്‍, 7.56 ലക്ഷം പേരോളം ആളുകള്‍ ഇതാദ്യമായാണ് ഇപിഎഫ്ഒയുടെയുടെ സാമൂഹികസുരക്ഷാ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നത്. പ്രായം തിരിച്ചുള്ള പഠനഫലങ്ങള്‍ പ്രകാരം , 2021 ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട അംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ( 3.29 ലക്ഷത്തോളം പേര്‍ ) 22 നും 25 നും ഇടയില്‍ പ്രായമുള്ളവരാണ്. 29 നും 35 നും മദ്ധ്യേ പ്രായമുള്ളവരാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ( 2.51 ലക്ഷം). 2021 ഫെബ്രുവരിയില്‍ പുതുതായി അംഗങ്ങളായവരുടെ 21% ( 2.60 ലക്ഷം) വനിതകളാണ് എന്ന് ലിംഗ അടിസ്ഥാനത്തിലുള്ള അവലോകനങ്ങള്‍ വ്യക്തമാക്കുന്നു.

Author

Related Articles