News

1,913 കോടി രൂപയ്ക്ക് എസ്സാര്‍ പവറിന്റെ പ്രസരണ ലൈന്‍ ഏറ്റെടുക്കാനൊരുങ്ങി അദാനി ട്രാന്‍സ്മിഷന്‍

ന്യൂഡല്‍ഹി: പ്രസരണ ലൈനുകളില്‍ ഒന്ന് അദാനി ട്രാന്‍സ്മിഷന് വില്‍ക്കാനൊരുങ്ങി എസ്സാര്‍ പവര്‍. അതിന്റെ രണ്ട് വൈദ്യുതി പ്രസരണ ലൈനുകളില്‍ ഒന്ന് അദാനി ട്രാന്‍സ്മിഷന് 1,913 കോടി രൂപയ്ക്കാണ് വില്‍ക്കുന്നത്. ആസ്തികള്‍ വിറ്റഴിച്ച് കടത്തിന്റെ തോത് കുറയ്ക്കുന്ന പ്രക്രിയയുടെ ഭാഗമായാണ് ഈ വില്‍പ്പന. എസ്സാര്‍ പവര്‍ ബാങ്കുകളിലേക്കും, ധനകാര്യ സ്ഥാപനങ്ങളിലേക്കുമായി കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ 1.8 ലക്ഷം രൂപ തിരിച്ചടവ് നടത്തിയിരുന്നു.

എസാര്‍ പവറിന്റെ ഒരു യൂണിറ്റായ എസാര്‍ പവര്‍ ട്രാന്‍സ്മിഷന്‍ കമ്പനിക്ക് രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലായി 465 കിലോ മീറ്റര്‍ വിതരണ ലൈനുകളാണുള്ളത്. മഹാന്‍ മുതല്‍ സിപാറ്റ് പൂളിംഗ് സബ്സ്റ്റേഷന്‍ വരെയുള്ള 400 കെ വി അന്തര്‍ സംസ്ഥാന വിതരണ ലൈനാണ് ഈ ഇടപാടിലൂടെ കൈമാറുന്നത്. ഈ പദ്ധതി പ്രവര്‍ത്തിക്കുന്നത് സിഇആര്‍സി (സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ) നിയന്ത്രണത്തിലാണ്.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി എസാര്‍ പവര്‍ അതിന്റെ കടം 30,000 കോടി രൂപയില്‍ നിന്നും 6,000 കോടി രൂപയായി കുറച്ചിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ സ്വാകര്യ മേഖലയിലെ സ്വതന്ത്ര ഊര്‍ജ ഉത്പാദകരിലൊന്നാണ് കമ്പനി. ഈ ഏറ്റെടുക്കലിലൂടെ അദാനി ട്രാന്‍സ്മിഷന്റെ വൈദ്യുതി വിതരണ ശൃംഖല 19,468 സര്‍ക്യൂട്ട് കിലോ മീറ്ററാകും. ഇതില്‍ 14,952 സര്‍ക്യൂട്ട് കിലോമീറ്റര്‍ പ്രവര്‍ത്തനസജ്ജമാണ്. ബാക്കിയുള്ള 4,516 സര്‍ക്യൂട്ട് കിലോമീറ്റര്‍ പ്രവര്‍ത്തനസജ്ജമാകാനുള്ള വിവിധ ഘട്ടങ്ങളിലാണ്.

Author

Related Articles