News

ആഗോള സാമ്പത്തിക വ്യാപാര മേഖലയിലെ ചൈനയുടെ ഇടപെടലുകളെ തളര്‍ത്താന്‍ ഒരുങ്ങി യൂറോപ്യന്‍ യൂണിയനും അമേരിക്കയും

കൊറോണ വൈറസ് മൂലം ചൈന ആഗോള തലത്തിലുണ്ടാക്കിയ പ്രതിസന്ധിക്കെതിരെ ഒന്നിച്ചു നീങ്ങാന്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയും ധാരണയിലെത്തി. അറ്റ്‌ലാന്റിക് മേഖലയിലെ എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ചേര്‍ന്നുള്ള വിശാലമായ ഒരു സഖ്യമാണ് പരിഗണനയിലുള്ളത്. 27 യൂറോപ്യന്‍ രാജ്യങ്ങളുടെ വിദേശ കാര്യമന്ത്രിമാരും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും തമ്മില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിന് ശേഷമാണ് പ്രധാന ആശയം ഉരുത്തിരിഞ്ഞത്.

ആഗോള സാമ്പത്തിക വ്യാപാര മേഖലയില്‍ ചൈനയുടെ ഇടപെടലുകളെ മുഴുവന്‍ തളര്‍ത്തിയാണ് അമേരിക്കയുടെ നയങ്ങളെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ജോസെപ് ബോറെല്‍ പറഞ്ഞു. വിശദമായ ചര്‍ച്ചക്കായി അമേരിക്കയുടെ സമയം ചോദിച്ചിരിക്കുകയാണെന്നും ജോസെപ് അറിയിച്ചു. തങ്ങള്‍ ഇരുകൂട്ടരുടേയും രാജ്യതാല്‍പ്പര്യങ്ങളും മൂല്യങ്ങളും ഒന്നാണ്. ചൈനക്കെതിരെ സംയുക്തനീക്കം എല്ലാ തലത്തിലും നടത്തണമെന്നതില്‍ എല്ലാവരും ഒരേ മനസ്സോടെ തീരുമാനം അറിയിച്ചു കഴിഞ്ഞു.

ചൈനയൊഴിച്ചുള്ള ഏഷ്യയിലെ ജനാധിപത്യ രാജ്യങ്ങളുമായി ബന്ധം വിപുലപ്പെടുത്തണമെന്ന ചര്‍ച്ചയും നടന്നതായി ജൊസെപ് വ്യക്തമാക്കി. ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്കു കൂടുതല്‍ കരുത്തു പകരുന്നതാണ് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും കൈകോര്‍ത്ത് ആഗോള സാമ്പത്തിക വ്യാപാര മേഖലയിലെ ചൈനയുടെ മുന്നേറ്റം തടയാന്‍ നടത്തുന്ന നീക്കമെന്ന് നിരീക്ഷകര്‍ പറയുന്നു.

Author

Related Articles