News

ഇന്ത്യന്‍ ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഈ വര്‍ഷം നേടിയത് 34 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം

ഇന്ത്യന്‍ ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഈ വര്‍ഷം ഇതുവരെ നേടിയത് 34 ബില്യണ്‍ ഡോളര്‍ (ഏകദേശം 2.57 ലക്ഷം കോടി രൂപ) നിക്ഷേപം. ഡിസംബര്‍ 17 വരെയുള്ള കാലയളവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ 32.8 ശതകോടി ഡോളര്‍ നേടിയെന്നാണ് വെഞ്ച്വര്‍ ഇന്റലിജന്‍സ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡിസംബര്‍ 20,21 തിയതികളില്‍ നേടിയ 1.2 ശതകോടി ഡോളറിന്റെ നിക്ഷേപം അതില്‍ ഉള്‍പ്പെട്ടിരുന്നില്ല.

ഇതോടെ ഇ വര്‍ഷത്തെ നിക്ഷേപത്തില്‍ 200 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2020 ല്‍ 11.22 ശതകോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേടിയത്. 2019 ല്‍ 13 ശതകോടി ഡോളറിന്റെ നിക്ഷേപവും നേടി. 2021 ഡിസംബര്‍ 17 വരെ 1009 ഡീലുകളില്‍ നിന്നായാണ് 32.8 ശതകോടി ഡോളര്‍ നിക്ഷേപം എത്തിയത്. 2020 ല്‍ 788 ഉം 2019 ല്‍ 879 ഇടപാടുകളുമാണ് നടന്നിരുന്നത്.

രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അനുകൂല സാഹചര്യമാണ് നിക്ഷപേകരെ പ്രധാനമായും ഇന്ത്യയിലേക്ക് ആകര്‍ഷിച്ചത്. വെഞ്ച്വര്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം 1.39 ശതകോടി ഡോളറിന്റെ നിക്ഷേപവുമായി ബൈജൂസ് ആപ്പ് ആണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നിക്ഷേപം നേടിയ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്. ഗെയ്മിംഗ് യൂണികോണ്‍ കമ്പനിയായ ഡ്രീം 11 840 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നേടി രണ്ടാമത് എത്തി. 800 ദശലക്ഷം ഡോളറിന്റെ നിക്ഷേപവുമായി സ്വിഗ്ഗിയാണ് മൂന്നാമത്. ഇറുഡിറ്റസ് (650 ദശലക്ഷം ഡോളര്‍), മീഷോ (645 ദശലക്ഷം ഡോളര്‍) എന്നിവയും വന്‍ നിക്ഷേപം നേടിയ സ്റ്റാര്‍ട്ടപ്പുകളാണ്.

Author

Related Articles