News

കേരളത്തിലെ ബാങ്കുകളിലേക്ക് പ്രവാസി നിക്ഷേപം ഒഴുകുന്നു; 14 ശതമാനം വര്‍ധന

കൊച്ചി: കേരളത്തിലെ ബാങ്ക് ശാഖകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തില്‍ (എന്‍.ആര്‍.ഐ. നിക്ഷേപം) റെക്കോഡ്. 2020 ഡിസംബര്‍ 31-ലെ കണക്കനുസരിച്ച് 2,27,430 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലെ ബാങ്കുകളിലേക്ക് എത്തിയിട്ടുള്ളത്. 2019 ഡിസംബറിനെ അപേക്ഷിച്ച് പ്രവാസി നിക്ഷേപത്തില്‍ 14 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ (എസ്.എല്‍.ബി.സി.) കണക്കുകള്‍ വ്യക്തമാക്കുന്നു.

2019 ഡിസംബറില്‍ കേരളത്തിലെ ബാങ്കുകളിലെ എന്‍.ആര്‍.ഐ. നിക്ഷേപം 1,99,781 കോടി രൂപയായിരുന്നു. 2020 സെപ്റ്റംബറില്‍ ഇത് 2,22,029 കോടി രൂപയായി ഉയര്‍ന്നു. 2017 ഡിസംബറില്‍ 1.61 ലക്ഷം കോടി രൂപയും 2018 ഡിസംബറില്‍ 1.86 ലക്ഷം കോടി രൂപയുമായിരുന്ന പ്രവാസി നിക്ഷേപമാണ് ഇപ്പോള്‍ 2.27 ലക്ഷം കോടി രൂപയിലെത്തി നില്‍ക്കുന്നത്. സംസ്ഥാനത്തെ ബാങ്ക് ശാഖകളില്‍ പ്രവാസി മലയാളികള്‍ നടത്തിയിട്ടുള്ള നിക്ഷേപത്തിന്റെ കണക്കാണിത്.

2020 ഡിസംബറിലെ കണക്ക് പ്രകാരം പൊതുമേഖലാ വാണിജ്യ ബാങ്കുകളില്‍ 1,05,326 കോടി രൂപയുടെ പ്രവാസി നിക്ഷേപമാണുള്ളത്. കേരള ഗ്രാമീണ്‍ ബാങ്കില്‍ 1,738 കോടി രൂപയുടെ നിക്ഷേപവും സ്വകാര്യ ബാങ്കുകളില്‍ 1,18,613 കോടി രൂപയുടെ നിക്ഷേപവുമാണ് എത്തിയിട്ടുള്ളത്. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ 1,754 കോടി രൂപയുടെ പ്രവാസി നിക്ഷേപമുണ്ട്. കേരളത്തിലേക്കെത്തുന്ന പ്രവാസി നിക്ഷേപത്തില്‍ 52.15 ശതമാനവും സ്വകാര്യ മേഖലാ ബാങ്കുകളിലാണെന്ന് എസ്.എല്‍.ബി.സി.യുടെ ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. പൊതുമേഖലാ ബാങ്കുകളിലെ വിഹിതം 46.31 ശതമാനമാണ്.

Author

Related Articles