News

കോവിഡ് രണ്ടാം തരംഗം: 50,000 കോടി രൂപയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്

മുംബൈ: രണ്ടാം കോവിഡ് തരംഗത്തില്‍ ഉലയുന്ന ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് കരുത്തേകാന്‍ പുതിയ നടപടികളുമായി റിസര്‍വ് ബാങ്ക്. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യവികസനങ്ങളും സേവനങ്ങളും കാര്യക്ഷമമാക്കുക ലക്ഷ്യമിട്ട് 50,000 കോടി രൂപയുടെ വായ്പാ പദ്ധതി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. 2022 മാര്‍ച്ച് 31 വരെ റീപ്പോ നിരക്കില്‍ 50,000 കോടിയുടെ വായ്പ ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കും. കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കണം ബാങ്കുകള്‍ ഈ തുക വകയിരുത്തേണ്ടത്. ഈ പദ്ധതി പ്രകാരം വാക്സീന്‍ നിര്‍മാതാക്കള്‍, വൈദ്യ ഉപകരണ നിര്‍മാതാക്കള്‍, ആശുപത്രികള്‍, രോഗികള്‍ എന്നിവര്‍ക്കായിരിക്കണം ബാങ്കുകള്‍ വായ്പ അനുവദിക്കേണ്ടത്. ഇത്തരം വായ്പകള്‍ക്ക് തിരിച്ചടവ് അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയാകുന്നതുവരെ മുന്‍ഗണനാ മേഖല തരംതിരിവും ലഭിക്കും. പ്രത്യേക കോവിഡ് ലോണ്‍ ബുക്ക് തയ്യാറാക്കാനും രാജ്യത്തെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശമുണ്ട്.

സാമ്പത്തിക രംഗം അനിശ്ചിതത്വത്തില്‍ തുടരുന്ന പശ്ചാത്തലത്തില്‍ വായ്പാ പുനഃസംഘടനയ്ക്ക് റിസര്‍വ് ബാങ്ക് വീണ്ടും അവസരം നല്‍കും. വ്യക്തികള്‍ക്കും സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭകര്‍ക്കുമായി (എംഎസ്എംഇ) ഒറ്റത്തവണ വായ്പ പുനഃസംഘടനാ സംവിധാനത്തിനാണ് റിസര്‍വ് ബാങ്ക് ഒരിക്കല്‍ക്കൂടി നടപടിയെടുക്കുന്നത്. 2021 സെപ്റ്റര്‍ 21 വരെയാണ് ഇവര്‍ക്ക് വായ്പാ പുഃസംഘടനയ്ക്ക് അവസരം ഉണ്ടായിരിക്കുക. ഇതുപ്രകാരം രണ്ടു വര്‍ഷം വരെ വായ്പാ മൊറട്ടോറിയം നീട്ടി നല്‍കപ്പെടും.

ഇനി മുതല്‍ 500 കോടി രൂപ വരെ ആസ്തി വലുപ്പമുള്ള ചെറിയ മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങള്‍ക്ക് ചെറുകിട ധനകാര്യ ബാങ്കുകള്‍ വായ്പ അനുവദിക്കാമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ബുധനാഴ്ച്ച വ്യക്തമാക്കി. ചെറുകിട ധനകാര്യ ബാങ്കുകള്‍ക്കായി റീപ്പോ നിരക്കില്‍ 10,000 കോടി രൂപ വരെ വായ്പാ പിന്തുണ നല്‍കുമെന്നും റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വായ്പക്കാരന് 10 ലക്ഷം രൂപ വരെ വായ്പ നല്‍കാന്‍ ഈ തുക ചെറുകിട ധനകാര്യ ബാങ്കുകള്‍ക്ക് വിനിയോഗിക്കാം.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി 50 ദിവസം വരെ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം തുടരാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. മുന്‍പ് ഈ കാലാവധി 36 ദിവസമായിരുന്നു. തുടര്‍ച്ചയായ ഓവര്‍ ഡ്രാഫ്റ്റ് ദിവസങ്ങളുടെ എണ്ണം 14 ദിവസത്തില്‍ നിന്ന് 21 ദിവസമായും കേന്ദ്ര ബാങ്ക് ഉയര്‍ത്തി.

'ആഗോള സമ്പദ് വ്യവസ്ഥയുടെ കാഴ്ചപ്പാട് വളരെ അനിശ്ചിതത്വത്തിലാണ്, മാത്രമല്ല അത് അപകടസാധ്യതകള്‍ക്ക് വിധേയവുമാണ്. കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്നുള്ള നിയന്ത്രണ നടപടികള്‍ രാജ്യത്തെ മൊത്തത്തിലുള്ള ഡിമാന്‍ഡിനെ ബാധിക്കും; ഉയര്‍ന്ന സമ്പര്‍ക്ക സേവന മേഖലയിലായിരിക്കും ഇതിന്റെ ക്ഷീണം കൂടുതലായി അനുഭവപ്പെടുക. ഇതേസമയം, മൊത്തം ഡിമാന്‍ഡിലുള്ള കുറവ് ഒരു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് ഏറെ മെച്ചപ്പെട്ടു', ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷം കോവിഡ് രണ്ടാം തരംഗത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പണപ്പെരുപ്പം രൂപപ്പെടുക. ഏപ്രിലിലെ ധനനയ സമിതിയുടെ പ്രസ്താവനയില്‍ നിന്ന് വ്യതിചലനങ്ങളൊന്നും കാര്യമായ വ്യതിചലനങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ സൂചിപ്പിച്ചു.

Author

Related Articles