News

ഇന്ത്യയുടെ കയറ്റുമതി വര്‍ധിച്ചു; വ്യാപാരക്കമ്മിയിലും വളര്‍ച്ച

ന്യൂഡല്‍ഹി: മേയ് മാസത്തില്‍ ഇന്ത്യയുടെ കയറ്റുമതി 15.46 ശതമാനം വര്‍ധിച്ച് 37.29 ബില്യണ്‍ ഡോളറായി. എന്നാല്‍, കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചയാണിത്. തന്മൂലം വ്യാപാര കമ്മി 23.33 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായും വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഇതിന് മുന്‍പത്തെ ഏറ്റവും താഴ്ന്ന നിലയിലില്‍ കയറ്റുമതി എത്തിയത് 2021 ഫെബ്രുവരിയിലായിരുന്നു. മെയ് മാസത്തെ ഇറക്കുമതി 56.14 ശതമാനം വര്‍ധിച്ച് 60.62 ബില്യണ്‍ ഡോളറായി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വ്യാപാരക്കമ്മി 6.53 ബില്യണ്‍ ഡോളറായിരുന്നു.

ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഇക്കഴിഞ്ഞ ഏപ്രില്‍-മേയില്‍ 77.08 ബില്യണ്‍ ഡോളറായിരുന്നു. തൊട്ട് മുന്‍ വര്‍ഷത്തെ സമാന കാലയളവില്‍ 63.05 ബില്യണ്‍ ഡോളറായിരുന്നു. ഇതില്‍ നിന്നും 22.26 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. പെട്രോളിയം, ക്രൂഡ് ഓയില്‍ ഇറക്കുമതി മേയില്‍ 91.6 ശതമാനമാണ്. 18.14 ബില്യണ്‍ ഡോളര്‍ വരുമിത്. കല്‍ക്കരി, കോക്ക്, ബ്രിക്കറ്റ് എന്നിവയുടെ ഇറക്കുമതി 2021 മെയ് മാസത്തില്‍ രണ്ട് ബില്യണ്‍ ഡോളറില്‍ നിന്ന് 5.33 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

2021 മെയ് മാസത്തില്‍ 677 മില്യണ്‍ ഡോളറായിരുന്ന സ്വര്‍ണ ഇറക്കുമതി ഇക്കഴിഞ്ഞ മേയില്‍ മാസത്തില്‍ 5.82 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-മെയ് മാസങ്ങളിലെ മൊത്തം ഇറക്കുമതി 42.35 ശതമാനം ഉയര്‍ന്ന് 120.81 ബില്യണ്‍ ഡോളറായി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ വ്യാപാരക്കമ്മി 21.82 ബില്യണ്‍ ഡോളറില്‍ നിന്ന് 43.73 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മെയ് മാസത്തില്‍ എഞ്ചിനീയറിംഗ് ഉത്പന്നങ്ങളുടെ കയറ്റുമതി 7.84 ശതമാനം വര്‍ധിച്ച് 9.3 ബില്യണ്‍ ഡോളറായി.

പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി 52.71 ശതമാനം വര്‍ധിച്ച് 8.11 ബില്യണ്‍ ഡോളറിലെത്തി. രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 2.96 ബില്യണ്‍ ഡോളറില്‍ നിന്ന് മെയ് മാസത്തില്‍ 3.1 ബില്യണ്‍ ഡോളറായി. രാസവസ്തുക്കളുടെ കയറ്റുമതി മെയ് മാസത്തില്‍ 12 ശതമാനം ഉയര്‍ന്ന് 2.5 ബില്യണ്‍ ഡോളറിലെത്തി.

മേയില്‍ ഫാര്‍മ, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതി യഥാക്രമം 5.78 ശതമാനവും 23 ശതമാനവും വര്‍ധിച്ച് 1.98 ബില്യണ്‍ ഡോളറായും 1.36 ബില്യണ്‍ ഡോളറായും ഉയര്‍ന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി വര്‍ധിക്കുന്നതിനാല്‍ വ്യാപാരക്കമ്മി ആശങ്കയുണ്ടാക്കുന്നുവെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (എഫ്‌ഐഇഒ) ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് പറഞ്ഞു. എന്നാല്‍ സ്വര്‍ണ ഇറക്കുമതി ഉയരുന്നത് രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയില്‍ വര്‍ധനവുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Author

Related Articles