ചൈനയ്ക്കെതിരെ വാണിജ്യയുദ്ധം മുറുക്കി ഇന്ത്യ; ലാപ്ടോപ്പ്, ക്യാമറ, തുണിത്തരങ്ങള്‍ തുടങ്ങി ഇരുപതോളം ഉല്പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ മണ്ണ് കൊതിച്ച് അതിര്‍ത്തിയില്‍ കടന്നുകയറ്റം നടത്തിയ ചൈനയ്ക്കെതിരെ വാണിജ്യയുദ്ധം മുറുക്കി ഇന്ത്യ. ചൈനീസ് ഇറക്കുമതിക്കു കൂടുതല്‍ കടിഞ്ഞാണ്‍ ലക്ഷ്യമിട്ട് ഇരുപതോളം ഉല്പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ലാപ്ടോപ്പ്, ക്യാമറ, തുണിത്തരങ്ങള്‍, അലുമിനിയം ഉല്പന്നങ്ങള് തുടങ്ങിയവയുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ചില സ്റ്റീല്‍ ഉല്പന്നങ്ങളുടെ ഇറക്കുമതിക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുകയും ചെയ്യും.
വാണിജ്യമന്ത്രാലയത്തില്‍നിന്നുള്ള ശുപാര്‍ശ ഇപ്പോള്‍ ധനമന്ത്രാലയത്തിനു മുന്നിലാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്തുതന്നെ നിരക്കു വര്‍ധന സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണു സൂചന. ചൈനയെ ലക്ഷ്യമിട്ടു മാത്രമുള്ള തീരുവവര്‍ധനവായി ഇതിനെ കണക്കാക്കാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ചൈനയില്‍നിന്നു വന്‍തോതില്‍ ഇത്തരം ഉല്പന്നങ്ങള് ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാനും ലക്ഷ്യമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
ഇന്ത്യയുമായി സ്വതന്ത്രവ്യാപാര കരാറുള്ള വിയറ്റ്നാം, തായ്ലന്ഡ് തുടങ്ങിയ ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് അടുത്തിടെയായി ഇറക്കുമതി വര്‍ധിക്കുകയാണ്. ഈ രാജ്യങ്ങളെ ഉപയോഗിച്ച് ചൈന നിയന്ത്രണമില്ലാതെ ഇന്ത്യയിലേക്ക് ഇറക്കുമതി നടത്തുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ടയര്‍, ടിവി സെറ്റുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് വാണിജ്യമന്ത്രാലയം ലൈസന്‍സ് ഏര്‍പ്പെടുത്തിയിരുന്നു. ലൈസന്‍സിങ് ഏജന്‍സിയായ വിദേശവ്യാപാര ഡയറക്ടറേറ്റ് ജനറല്‍ ചില ഉരുക്ക് ഉല്പന്നങ്ങളുടെ ഇറക്കുമതിക്കു ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ്.
ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തിനു പിന്നാലെ മോദി സര്‍ക്കാര്‍ ചൈനയുമായുള്ള വാണിജ്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. നിരവധി ചൈനീസ് ആപ്പുകള്‍ നിരോധിക്കുകയും ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍നിന്നുള്ള നേരിട്ടുള്ള വിദേശനിക്ഷേപത്തിന് മുന്‍കൂര്‍ അനുമതി എന്ന വ്യവസ്ഥ നടപ്പാക്കുകയും ചെയ്തു. മുമ്പ് നിക്ഷേപം നടത്തുന്ന കാര്യം റിസര്‍വ് ബാങ്കിനെ അറിയിക്കണം എന്നതു മാത്രമായിരുന്നു മാനദണ്ഡം. സര്‍ക്കാര്‍ കരാറുകള്‍ക്കു വേണ്ടി ശ്രമിക്കുന്ന ചൈനീസ് കമ്പനികള്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയും നടപ്പാക്കിയിട്ടുണ്ട്.
നിയന്ത്രണ നടപടികള്‍ക്കൊപ്പം ആഭ്യന്തര നിര്‍മാണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. മൊബൈല്‍, മരുന്നു ഘടകങ്ങള്‍ എന്നിവയുടെ നിര്‍മാണം ത്വരിതപ്പെടുത്താനാണു നീക്കം. 2019-20ല്‍ ചൈനയുമായി ഇന്ത്യക്ക് 48.7 ബില്യണ്‍ ഡോളറിന്റെ വ്യാപാരകമ്മിയാണുള്ളത്. ഇന്ത്യയില്‍നിന്നു കൂടുതല്‍ കയറ്റുമതിക്ക് അനുമതി നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം ചൈന അംഗീകരിക്കാത്തതാണ് ഇതിനു കാരണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍