News

ഇന്ത്യയിലെ ചെറുകിട-ഇടത്തരം ബിസിനസുകളെ സഹായിക്കാന്‍ 4.3 ദശലക്ഷം യുഎസ് ഡോളര്‍ ഗ്രാന്റ് നല്‍കും; പ്രഖ്യാപനവുമായി ഫെയ്സ്ബുക്ക്

കൊവിഡ് 19 മഹാമാരിക്കിടയിലും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്താന്‍ സഹായിക്കുന്നതിനായി ഡല്‍ഹി, മുംബൈ ഉള്‍പ്പടെ അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലായി 3,000 -ത്തിലധികം ചെറുകിട ബിസിനസുകള്‍ക്ക് 4.3 ദശലക്ഷം യുഎസ് ഡോളര്‍ (32 കോടി രൂപ) ഗ്രാന്റ് നല്‍കുമെന്ന് സമൂഹ മാധ്യമ ഭീമനായ ഫെയ്സ്ബുക്ക് അറിയിച്ചു. കൊവിഡ് 19 മഹാമാരി മൂലമുള്ള സാമ്പത്തിക ആഘാതത്തെ നേരിടാന്‍ 30 രാജ്യങ്ങളിലെ ചെറുകിട ബിസിനസുകളെ സഹായിക്കുന്നതിന് മാര്‍ച്ചില്‍ പ്രഖ്യാപിച്ച ഫെയ്സ്ബുക്കിന്റെ 100 ദശലക്ഷം യുഎസ് ഡോളര്‍ ഗ്രാന്റിന്റെ ഭാഗമാണിത്.

'ചെറുകിട വ്യവസായങ്ങള്‍ക്കായുള്ള ആഗോള ധനസഹായമായ 100 ദശലക്ഷം ഡോളറിന്റെ ഭാഗമായി, ഡല്‍ഹി, ഗുരുഗ്രാം, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി 3,000 -ത്തിലധികം ചെറുകിട ബിസിനസുകള്‍ക്കായി 4.3 ദശലക്ഷം ഡോളര്‍ (32 കോടി രൂപ) പ്രഖ്യാപിക്കുന്നു,' ഫെയ്സ്ബുക്ക് ഇന്ത്യ എംഡിയും വൈസ് പ്രസിഡന്റുമായ അജിത് മോഹന്‍ ഇന്നലെ ഒരു ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി.

എല്ലാ വ്യവസായങ്ങളില്‍ നിന്നുമുള്ള ചെറുകിട ബിസിനസുകള്‍ക്കായി ഗ്രാന്റ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ടെന്നും ഇതിലേക്ക് അപേക്ഷിക്കുന്നതിനായി ബിസിനസുകള്‍ക്ക് ഒരു ഫെയ്സ്ബുക്ക് ഫാമിലി ആപ്ലിക്കേഷന്‍ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം തുടക്കത്തില്‍ 5.7 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപത്തിലൂടെയും ജിയോ പ്ലാറ്റ്ഫോമുകളുമായുള്ള പങ്കാളിത്തത്തിലൂടെയും ഇന്ത്യയോടും പ്രത്യേകിച്ച് ചെറുകിട ബിസിനസുകളോടുമുള്ള പ്രതിബദ്ധതയെക്കുറിച്ച് ഫെയ്സ്ബുക്ക് അടിവരയിട്ടു.

സ്റ്റേറ്റ് ഓഫ് സ്മോള്‍ ബിസിനസ് റിപ്പോര്‍ട്ട് പ്രകാരം, ഫെയ്സ്ബുക്ക് ഇന്ത്യയിലെ മൂന്നിലൊന്നില്‍ കൂടുതല്‍ ചെറുകിട, ഇടത്തരം പ്രവര്‍ത്തന ബിസിനസുകള്‍ക്ക് (എസ്എംബി), വരും മാസങ്ങളില്‍ പണമൊഴുക്ക് ഒരു വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറയുന്നു. കൊവിഡ് 19 -ന്റെ പശ്ചാത്തലത്തില്‍, ഫെയ്സ്ബുക്ക് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്പ്മെന്റ് (ഒഇസിഡി), ലോകബാങ്ക് എന്നിവ തമ്മിലുള്ള ഗവേഷണ സഹകരണത്തിന്റെ ഭാഗമായ റിപ്പോര്‍ട്ട്, ഇന്ത്യ ഉള്‍പ്പടെ ലോകമെമ്പാടുമുള്ള ചെറുകിട, ഇടത്തരം ബിസിനസുകളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്.

Author

Related Articles