News

മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിൽ ഓഹരികൾ സ്വന്തമാക്കി ഫേസ്ബുക്ക്; 43,574 കോടി രൂപയുടെ ഓഹരികളാണ് ഫേസ്ബുക്ക് വാങ്ങിയത്; ഇത് വിപണിയിൽ കരുത്തരാകാനുള്ള ഫേസ്ബുക്കി​ന്റെ ശ്രമം; റിലയൻസിന് കടം വെട്ടിക്കുറയ്ക്കുന്നതിനുള്ള മാർ​ഗമോ?

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) ടെലികോം യൂണിറ്റിൽ കൈവച്ച് ഫേസ്ബുക്ക്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിൽ 5.7 ബില്യൺ ഡോളറിന്‍റെ ( 43,574 കോടി രൂപയുടെ) ഓഹരി, ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റായ ഫേസ്ബുക്ക് വാങ്ങി. അമേരിക്കൻ വമ്പൻമാരായ ഫേസ്ബുക്ക് ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. അതിവേഗം വളരുന്ന വൻ വിപണിയിൽ ഉറച്ചു നിൽക്കാൻ ഫേസ്ബുക്കിനെ സഹായിക്കുന്ന നീക്കമാണിത്. എന്നാൽ കടം വെട്ടിക്കുറയ്ക്കുന്നതിനുള്ള റിലയൻസിന്റെ മാർഗങ്ങളിലൊന്നാണ് ഈ ഓഹരി വിൽപ്പന.

ഫേസ്ബുക്കിനെ ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയാക്കി മാറ്റുന്നതാണ് ഈ ഇടപാട്. ഇത് അതിവേഗം വളരുന്ന ഇന്ത്യൻ ഡിജിറ്റൽ വിപണിയിൽ ഫേസ്ബുക്കിന് കൂടുതൽ കരുത്തേകുമെന്ന് വിലയിരുത്തുന്നു. കൂടാതെ എണ്ണവിപണിയിലും ടെലികോം മേഖലയിലുമുണ്ടാകുന്ന നഷ്ടം ഗണ്യമായി കുറയ്ക്കാൻ പുതിയ ഇടപാടിലൂടെ റിലയൻസിന് സാധിക്കും.

വമ്പൻ ഇടപാട്

4.62 ലക്ഷം കോടി രൂപ (65.95 ബില്യൺ ഡോളർ) ആണ് ജിയോയും ഫേസ്ബുക്കും തമ്മിലുള്ള ഇടപാട് തുക. ഒരു ടെക്നോളജി കമ്പനിയിലെ ഏതാനും ഓഹരികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ നിക്ഷേപമാണിതെന്നും ഇന്ത്യയിലെ സാങ്കേതിക മേഖലയിലെ ഏറ്റവും വലിയ എഫ്ഡിഐയാണെന്നും കരാർ സംബന്ധിച്ച് ആർ‌ഐ‌എൽ പറഞ്ഞു. വാണിജ്യ സേവനങ്ങൾ ആരംഭിച്ച് വെറും മൂന്നര വർഷത്തിനുള്ളിൽ വിപണി മൂല്യം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച 5 ലിസ്റ്റുചെയ്ത കമ്പനികളിൽ ജിയോയും ഉൾപ്പെട്ടിട്ടുണ്ട്.

ഫേസ്ബുക്കിന്റെ പ്രതികരണം

"ഈ നിക്ഷേപം ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണെന്നും രാജ്യത്ത് ജിയോ കൊണ്ടുവന്ന ഡിജിറ്റൽ വിപ്ലവം ആവേശകരമാണെന്നും. നാല് വർഷത്തിനുള്ളിൽ 388 ദശലക്ഷത്തിലധികം ആളുകളെ ഓൺലൈനിലേക്ക് ജിയോ കൊണ്ടുവന്നിട്ടുണ്ട്. ഇത് നൂതനമായ പുതിയ സംരംഭങ്ങളുടെ സൃഷ്ടിക്ക് കരുത്തേകുന്നു. ഒപ്പം പുതിയ മാർഗങ്ങളിലൂടെ ആളുകളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ഇനിയും കൂടുതൽ ആളുകളെ ജിയോയുമായി ബന്ധിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. "- ഫേസ്ബുക്ക് പ്രസ്താവനയിൽ പറഞ്ഞു.

ലക്ഷ്യം

ബിസിനസുകൾക്ക് പുതിയ അവസരങ്ങൾ പ്രാപ്തമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രത്യേകിച്ചും ഇന്ത്യയിലുടനീളം 60 ദശലക്ഷത്തിലധികം ചെറുകിട ബിസിനസുകളാണ് കമ്പനിയുടെ ലക്ഷ്യമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. നിക്ഷേപത്തോടൊപ്പം, ജിയോ പ്ലാറ്റ്‌ഫോമുകൾ, റിലയൻസ് റീട്ടെയിൽ, ഫെയ്‌സ്ബുക്കിന്റെ വാട്‌സ്ആപ്പ് സേവനം എന്നിവയും വാണിജ്യ പങ്കാളിത്ത കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

പുതിയ സഹകരണത്തിലൂടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഫെയ്‌സ്ബുക്കും ചൈനീസ് സൂപ്പര്‍ ആപ്ലിക്കേഷനായ വീചാറ്റിന് സമാനമായ ഒരു മള്‍ട്ടി പര്‍പ്പസ് ആപ്ലിക്കേഷന്‍ സൃഷ്ടിക്കുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. വലിയ മുന്നേറ്റത്തോടെയുള്ള ചര്‍ച്ചകള്‍ കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനിടയിലാണ് പുതിയ നിക്ഷേപ വാര്‍ത്ത വരുന്നത്.

ഫേസ്ബുക്കിന്റെ കസ്റ്റമര്‍ പ്ലാറ്റ്‌ഫോമും റിലയന്‍സിന്റെ ഷോപ്പിങ്-പേയ്‌മെന്റ് പ്ലാറ്റ്‌ഫോമും ചേര്‍ത്തു കൊണ്ടുള്ള വലിയൊരു ആപ്പിനാണ് ഇരുവരും തുടക്കമിടുക എന്നാണ് സൂചന. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമായിരിക്കും ഇതിനു വേണ്ടി പ്രാരംഭഘട്ടത്തില്‍ ഉപയോഗിക്കുന്നത്. അതിന്റെ ഉപയോക്തൃ അടിത്തറ ഉപയോഗിച്ചുകൊണ്ട് പദ്ധതിക്കായി ധനസഹായം, സാങ്കേതിക അറിവ്, ഡൊമെയ്ന്‍ വൈദഗ്ദ്ധ്യം എന്നിവ ഇരുവരും കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് 19 മൂലം കാലതാമസം നേരിട്ട ചര്‍ച്ചകള്‍ അനുസരിച്ച്, ഒരു ആശയവിനിമയ പ്ലാറ്റ്‌ഫോം മാത്രമല്ല, ഉപയോക്താക്കള്‍ക്ക് റിലയന്‍സ് റീട്ടെയില്‍ സ്‌റ്റോറുകള്‍ അല്ലെങ്കില്‍ ഷോപ്പ് വഴി പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന ഒരു ആപ്ലിക്കേഷന്‍ സൃഷ്ടിക്കുക എന്നതാണ് ആശയം. റിലയന്‍സിന്റെ എജിയോ ഡോട്ട് കോമിലൂടെ സാധനങ്ങള്‍ വില്‍ക്കാനും ജിയോ മണി ഉപയോഗിച്ച് പേമെന്റുകള്‍ നടത്താനുമാണ് ഉദ്ദേശിക്കുന്നത്.

ജിയോയുടെ വളർച്ച

മൂന്ന് വർഷം മുമ്പ് ജിയോ ആരംഭിച്ചതിനുശേഷം, കോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ, ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറുന്നതിനുള്ള വളർച്ച വേഗതത്തിൽ ആയിരുന്നു. ആകർഷകമായ മൊബൈൽ‌ ഇൻറർ‌നെറ്റ് നിരക്കുകളും വൈവിധ്യമാർ‌ന്ന ഉൽ‌പ്പന്നങ്ങളും (ചാറ്റ് സേവനങ്ങൾ‌,സിനിമകൾ‌, ഗെയിമുകൾ‌, സംഗീതം എന്നിവയുൾ‌പ്പെടെ) 340 ദശലക്ഷം ഉപഭോക്താക്കളെ ജിയോയുടെ പുതുമ തേടിയെത്താൻ പ്രേരിപ്പിച്ചു.

കടം കുറയ്ക്കും

ആർ‌ഐ‌എല്ലിന്റെ കടം കുറയ്ക്കാൻ ഫേസ്ബുക്കുമായുള്ള ഈ കരാർ സഹായിക്കും. 2016 ൽ 40 ബില്യൺ ഡോളറാണ് അംബാനി ജിയോയിൽ നിക്ഷേപിച്ചത്. 2021 മാർച്ചോടെ കമ്പനിയുടെ അറ്റ ​​കടം പൂജ്യമായി കുറയ്ക്കാനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയൻസിന്റെ ലക്ഷ്യത്തിന്റെ ഫലമാണ് ഫേസ്ബുക്കുമായുള്ള കരാർ. ചില ബിസിനസുകളിലെ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ഓഹരികൾ വിൽക്കാൻ ശ്രമിക്കുന്നതിലൂടെ കടം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ആർ‌ഐ‌എൽ കഴിഞ്ഞ മാസങ്ങളിൽ ആരംഭിച്ചിരുന്നു.

സാമ്പത്തിക വീണ്ടെടുക്കൽ

കൊറോണാനന്തര കാലഘട്ടത്തിൽ ഇന്ത്യ കുറഞ്ഞ സമയത്തിനുള്ളിൽ സാമ്പത്തിക വീണ്ടെടുക്കൽ നടത്താനും, പുനരുജ്ജീവനത്തിനും ഫേസ്ബുക്കുമായുള്ള പങ്കാളിത്തം ഒരു പ്രധാന സംഭാവന നൽകുമെന്ന് ആർ‌ഐ‌എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അംബാനി പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടെയും പ്രയോജനത്തിനായി ഇന്ത്യയുടെ ഡിജിറ്റൽ ഇക്കോസിസ്റ്റം വളരുന്നതിലും പരിവർത്തനം ചെയ്യുന്നതും തുടരുന്നതിൽ ഞങ്ങളുടെ ദീർഘകാല പങ്കാളിയായി ഫെയ്‌സ്ബുക്കിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Author

Related Articles