News

ഇന്ത്യക്കാരുടെ വിവരങ്ങള്‍ കോര്‍പ്പറേറ്റുകള്‍ കൈകാര്യം ചെയ്യരുതെന്ന അംബാനിയുടെ നിര്‍ദ്ദേശം തള്ളി ഫേസ്ബുക്ക് വൈസ് പ്രസിഡന്റ്; ഡാറ്റയുടെ ഒഴുക്ക് ഇന്ത്യ സുഗമമാക്കണമെന്ന് ഫേസ്ബുക്ക്

രാജ്യത്ത് സമൂഹ മാധ്യമങ്ങളുടെ ഉപയോഗം സംബന്ധിച്ച് പല തരത്തിലുള്ള ചര്‍ച്ചകളും പുരോഗമിക്കുന്ന വേളയിലാണ് റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ നിര്‍ദ്ദേശത്തെ തള്ളി ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് നിക് ക്ലെഗ് രംഗത്തെത്തിയത്. ഫേസ്ബുക്കിന്റെ ഗ്ലോബല്‍ അഫയേഴ്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിന്റെ ചുമതല നിക്കിനാണ്. ഇന്ത്യയിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ആഗോള കോര്‍പ്പറേറ്റുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥിതി ഒഴിവാക്കണമെന്നും ഇത്തരം വിവരങ്ങള്‍ ഇന്ത്യാക്കാര്‍ തന്ന സൂക്ഷിക്കുന്നതാണ് ഉത്തമമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിശ്ചിത അതിര്‍ത്തിക്കുള്ളില്‍ സൂക്ഷിച്ച് വെക്കേണ്ട പുതിയ എണ്ണയാണ് ഡാറ്റയെന്ന ധാരണ തെറ്റാണെന്നും അതിര്‍ത്തികളില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കുമ്പോഴാണ് ഡാറ്റയുടെ കാര്യക്ഷമത പൂര്‍ണമായും പുറത്ത് വരികയെന്നും നിക് ക്ലെഗ് വ്യക്തമാക്കി. ഉപയോക്താക്കളുടെ അവകാശങ്ങള്‍ പരിഗണിച്ചുകൊണ്ടു തന്നെ എല്ലാവര്‍ക്കും സുഗമമായി ലഭിക്കുന്ന ഇന്റര്‍നെറ്റ് സംസ്‌കാരമാണ് രൂപപ്പെടുത്തിയെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാജ്യത്ത് പേമെന്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിന് വിദേശകമ്പനികള്‍ ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്നതടക്കമുള്ള റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് തിരിച്ചടിയായിരുന്നു. ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കാത്തതിന്റെ പേരില്‍ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പിന്റെ പേമെന്റ് സര്‍വീസിന് പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു ഫേസ്ബുക്കിന്റെ പ്രതികരണം. ഇന്ത്യാക്കാരുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെയും സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ ഇടപെടലുകളെ സംബന്ധിച്ചുമുളള വിവരങ്ങളുടെ അവകാശികള്‍ ഇന്ത്യക്കാര്‍ തന്നെ ആയിരിക്കണമെന്ന് മുകേഷ് അംബാനി അഭിപ്രായപ്പെട്ടിരുന്നു.അത്തരം വിവരങ്ങളെ ആഗോള കോര്‍പ്പറേറ്റുകളല്ല നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം  ചൂണ്ടിക്കാട്ടി. 

ഈ പരാമര്‍ശത്തെ എതിര്‍ത്താണ് ഇപ്പോള്‍ നിക് ക്ലെഗ് മുന്നോട്ടുവന്നിരിക്കുന്നത്. ഇന്ത്യ ഇന്റര്‍നെറ്റ് ഉപയോഗത്തെ സംബന്ധിച്ച് പുതിയ നയത്തിന് രൂപം നല്‍കണം. വ്യക്തികളുടെ സ്വാതന്ത്രത്തിന് രാജ്യം പ്രാധാന്യം നല്‍കണം. അവരുടെ ഡാറ്റയ്ക്ക് എന്ത് സംഭവിക്കുന്നുവെന്ന് പരിശോധിക്കുകയും മേഖലയില്‍ മത്സരത്തിനും നൂതനമായ ആശയങ്ങള്‍ വളര്‍ത്തുന്നതിനും പ്രാധാന്യം നല്‍കുകയും വേണമെന്നും നിക് ക്ലെഗ് പറയുന്നു.

Author

Related Articles