News

ഉപരോധം ചതിച്ചു; യൂറോപ്യന്‍ വിപണി വിടുകയാണെന്ന് റഷ്യയിലെ ഏറ്റവും വലിയ ബാങ്ക്

ലോക രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് യൂറോപ്യന്‍ വിപണി വിടുകയാണെന്ന് റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ സെബര്‍ ബാങ്ക് വ്യക്തമാക്കി. മോസ്‌കോയുടെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. നിലവിലെ അന്തരീക്ഷത്തില്‍, യൂറോപ്യന്‍ വിപണിയില്‍ നിന്ന് പിന്മാറാന്‍ സെബര്‍ബാങ്ക് തീരുമാനിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.

ബാങ്കിന്റെ യൂറോപ്യന്‍ സബ്സിഡിയറികളിലെ ജീവനക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി നേരിടുന്നുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. മൂലധന വിപണിയിലേക്കുള്ള റഷ്യന്‍ ബാങ്കുകളുടെ പ്രവേശനം തടയാന്‍ ലക്ഷ്യമിട്ട്  യൂറോപ്യന്‍ യൂണിയന്‍ ഉപരോധം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സെബര്‍ബാങ്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടു.

റഷ്യയുടെ സെബര്‍ബാങ്കിന്റെ യൂറോപ്യന്‍ സബ്‌സിഡിയറി നിര്‍ത്തലാക്കുമെന്ന് യൂറോപ്യന്‍ ബാങ്കിംഗ് റെഗുലേറ്റര്‍മാര്‍ ചൊവ്വാഴ്ച സൂചിപ്പിച്ചിരുന്നു. സെബര്‍ ബാങ്കിന്റെ ഓസ്ട്രിയ ആസ്ഥാനമായുള്ള യൂറോപ്യന്‍ വിഭാഗമായ സെബര്‍ ബാങ്ക്  യൂറോപ്പ് എജിയെ സാധാരണ പാപ്പരത്വ നടപടികള്‍ക്ക് അനുവദിക്കും. അതേസമയം ക്രൊയേഷ്യയിലെയും സ്ലോവേനിയയിലെയും ശാഖകള്‍ പ്രാദേശിക ബാങ്കുകള്‍ക്ക് വിറ്റുവെന്ന് യൂറോപ്യന്‍ ബാങ്കിംഗ് സൂപ്പര്‍വൈസറി അതോറിറ്റി അറിയിച്ചു.

Author

Related Articles