News

ഇന്ത്യയുടെ ഫാക്ടറി പ്രവര്‍ത്തനങ്ങളില്‍ ഇടിവ്; 8 മാസത്തെ താഴ്ന്ന നിലയില്‍

ന്യൂഡല്‍ഹി: കോവിഡ് -19 പ്രതിസന്ധി രൂക്ഷമാകുന്നതിനിടയില്‍ പുതിയ ഓര്‍ഡറുകളുടെയും ഉല്‍പാദനത്തിന്റെയും വളര്‍ച്ചാ നിരക്ക് ഏപ്രിലില്‍ എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലയിലേക്ക് എത്തി. ഐഎച്ച്എസ് മാര്‍ക്കിറ്റ് ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജര്‍സ് ഇന്‍ഡെക്‌സ് (പിഎംഐ) ഏപ്രിലില്‍ 55.5 ആണ്. മാര്‍ച്ചിലെ 55.4ല്‍ നിന്ന് നേരിയ മാറ്റം മാത്രമാണ് പ്രകടമായത്. മാര്‍ച്ചില്‍ 7 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു മാനുഫാക്ചറിംഗ് പിഎംഐ.

പിഎംഐ തുടര്‍ച്ചയായി 50ന് മുകളില്‍ തന്നെ നിലനില്‍ക്കുന്നത് ശുഭ പ്രതീക്ഷയാണ്. പിഎംഐയില്‍ 50ന് മുകളിലുള്ള രേഖപ്പെടുത്തല്‍ വികാസത്തെയും 50ന് താഴെയുള്ളത് സങ്കോചത്തെയും സൂചിപ്പിക്കുന്നു. 'ഏപ്രിലിലെ പിഎംഐ ഫലങ്ങള്‍ പുതിയ ഓര്‍ഡറുകളുടെയും ഉല്‍പ്പാദനത്തിന്റെയും വളര്‍ച്ചാ നിരക്കില്‍ കൂടുതല്‍ മാന്ദ്യം കാണിക്കുന്നു. കോവിഡ് -19 കേസുകളുടെ കുതിച്ചുചാട്ടം ആവശ്യകത വീണ്ടും കുറയ്ക്കാന്‍ ഇടയാക്കും. നിലവില്‍ ആഗോളതലത്തിലെ വില നിലവാരം ആവശ്യകതയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്, ' ഐഎച്ച്എസിലെ ഇക്കണോമിക്‌സ് അസോസിയേറ്റ് ഡയറക്ടര്‍ പോളിയാന ഡി ലിമ പറഞ്ഞു.   

ഇന്‍പുട്ട് ചെലവുകളുടെ കുത്തനെയുള്ള വര്‍ധനവ്, ഏഴു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വേഗതയേറിയ തലത്തിലാണെന്ന് സര്‍വെയില്‍ പങ്കെടുത്ത മാനുഫാക്ചറര്‍മാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വില പുതുക്കുന്നതിലേക്കാണ് ഇത് നയിക്കുന്നതെന്നും അവര്‍ സൂചിപ്പിച്ചു. വരും മാസങ്ങളിലെ വിവരങ്ങള്‍ ആവശ്യകത സംബന്ധിച്ചും തൊഴില്‍ നിയമനങ്ങള്‍ സംബന്ധിച്ചും നിര്‍ണായകമായിരിക്കും എന്നും പോളിയാന ഡി ലിമ കൂട്ടിച്ചേര്‍ത്തു.

വില്‍പ്പന വളര്‍ച്ച കഴിഞ്ഞ ഓഗസ്റ്റ് മുതലുള്ള കാലയളവിലെ ഏറ്റവും താഴ്ന്ന വേഗതയിലായിരുന്നു. കയറ്റുമതി ഓര്‍ഡറുകള്‍ ഒക്‌റ്റോബര്‍ മുതലുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന വേഗത്തിലാണ് ഏപ്രിലില്‍ വര്‍ധിച്ചത്. മാനുഫാക്ചറിംഗ് തൊഴിലുകള്‍ ഏപ്രിലിലും ഇടിവ് പ്രകടമാക്കി. എന്നാല്‍ 13 മാസക്കാലയളവിലെ ഏറ്റവും താഴ്ന്ന വേഗതയിലാണ് തൊഴിലുകളുടെ വെട്ടിക്കുറയ്ക്കല്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Author

Related Articles