News

പരിശുദ്ധി കൂടിയ സ്വര്‍ണം പെട്ടന്ന് കേടാകുമെന്ന് പറയുന്നത് സത്യമോ? ചെമ്പ് ചേര്‍ക്കുന്ന സ്വര്‍ണത്തിന്റെ ഗുണമെന്ത്? 916 മാത്രമേ വാങ്ങൂ എന്ന പറയുന്നവര്‍ക്ക് പറ്റുന്ന അബദ്ധങ്ങളും അറിഞ്ഞിരിക്കൂ

സ്വര്‍ണമെന്നാല്‍ പരിശുദ്ധമായ ഒന്നാകണമെന്നാണ് ഏവര്‍ക്കും ആഗ്രഹം. 916 സ്വര്‍ണം മാത്രമേ വാങ്ങൂ എന്ന് പറഞ്ഞ് ജൂവല്ലറികളിലേക്ക് പോകുന്നവര്‍ അറിയാന്‍ ഏറെയുണ്ട്. സ്വര്‍ണം എന്നത് എത്രത്തോളം പരിശുദ്ധമാകുന്നോ അത്രയും തന്നെ കേടു വരാനുള്ള സാധ്യതയും കൂടുതലാണ്. ഇവിടെയാണ് എന്തിനാണ് സ്വര്‍ണത്തില്‍ ചെമ്പ് പോലുള്ള ലോഹങ്ങള്‍ ചേര്‍ക്കുന്നുവെന്ന ചോദ്യത്തിന്റെ പ്രസക്തി. ചെമ്പ് ആവശ്യത്തിന് ചേര്‍ക്കുമ്പോള്‍ സ്വര്‍ണത്തിന് ദൃഢത കൈവരുകയും പെട്ടന്ന് കേടു വരാതിരിക്കുകയും ചെയ്യും. എന്നാല്‍ ഇത്തരം ലോഹങ്ങളുടെ അളവ് കൂടുമ്പോള്‍ സ്വര്‍ണത്തിന്റെ സംശുദ്ധിയും കുറയും. 

ശുദ്ധത കൂടിയ 916 സ്വര്‍ണം കൊണ്ടുള്ള ആഭരണങ്ങള്‍  പെട്ടെന്നു കേടുപറ്റാമെന്ന് വിദഗ്ധര്‍ പറയുന്നത് ഓര്‍ക്കാതെയാണ് മിക്കവരും ഇതിന്റെ പിന്നാലെ പോകുന്നത്. സ്വര്‍ണത്തെ പറ്റി വിദഗ്ധര്‍ പറയുന്നതിങ്ങനെ:  '916  ആഭരണങ്ങള്‍ക്കു  പെട്ടെന്നു കേടുപാടു പറ്റുമോ എന്നു ചോദിച്ചാല്‍ ഒരു പവനോ അതിലധികമോ ഉള്ള ആഭരണമാണെങ്കില്‍ പ്രശ്‌നമുണ്ടാകില്ല. ചെറിയ തൂക്കത്തില്‍, രണ്ടോ നാലോ ഗ്രാമൊക്കെയുള്ളവ തട്ടിയോ മുട്ടിയോ കേടുപറ്റാനും വളയാനും സാധ്യത കൂടുതലാണ്. 21 അല്ലെങ്കില്‍ 18 കാരറ്റ് ആണെങ്കില്‍ ആഭരണത്തിനു നല്ല ഉറപ്പുണ്ടാകും. കേടുപാടു പറ്റില്ല.

പക്ഷേ അത്തരം കുറഞ്ഞ കാരറ്റുള്ളവ വാങ്ങാന്‍ ഇവിടെ ആരും തയ്യാറല്ല. സ്വര്‍ണാഭരണം ആയാല്‍ 22 കാരറ്റ് എന്ന വിശ്വാസമാണ് നമുക്കെല്ലാം. അതു മാറാന്‍ പ്രയാസമാണ്' . ഇവിടെ നിങ്ങള്‍ മനസിലാക്കേണ്ട  രണ്ടു കാര്യങ്ങളുണ്ട്.  സ്വര്‍ണം വാങ്ങുന്നത്  നിക്ഷേപമായാണെങ്കില്‍  ശുദ്ധത കൂടിയതു തന്നെ  വാങ്ങുന്നതാണ് ഉചിതം. പക്ഷേ അതു ആഭരണമായല്ല, നാണയമായോ സ്വര്‍ണക്കട്ടിയായോ വാങ്ങുക. ആഭരണം വാങ്ങുന്നത് അണിയാനാണ്. അവിടെ ശുദ്ധതയല്ല ഡിസൈനും പുതുമയും ഒക്കെയാണ് പ്രധാനം. അങ്ങനെ വരുമ്പോള്‍  916നു പകരം  കുറഞ്ഞ  കാരറ്റ് ആഭരണം ആകും നന്ന്. കേടുപറ്റാനുള്ള സാധ്യത കുറയും. പക്ഷേ കാരറ്റിനനുസരിച്ചുള്ള വിലയേ നല്‍കുന്നുള്ളൂവെന്ന് ഉറപ്പാക്കണം.

സ്വര്‍ണക്കടയില്‍ കയറിയാല്‍ ആഭരണത്തിന്റെ ഡിസൈനും പുതുമയും നോക്കുമ്പോള്‍ മുഖ്യമായ പല കാര്യങ്ങളും നാം ശ്രദ്ധിക്കാറില്ല. ബിഐഎസ് ഹാള്‍ മാര്‍ക്ക്, പ്രൈസ് ടാഗ്, കല്ലുകളുടെ തൂക്കം എന്നിവയടക്കം മുഖ്യമായി ശ്രദ്ധിക്കേണ്ട ഒന്നാണ്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സിന്റെ ഷോര്‍ട്ട് ഫോമാണ് ബിഐഎസ്. ഇതിന്റെ മുദ്രണം എല്ലാ ആഭരണങ്ങളിലും ഉണ്ടാവും. ഇതിനൊപ്പം തന്നെ സ്വര്‍ണത്തിന്റെ പരിശുദ്ധി എത്രത്തോളമുണ്ടെന്ന് കാണിക്കുന്ന അടയാളവും രേഖപ്പെടുത്തിയിരിക്കും.

22 കാരറ്റ് സ്വര്‍ണമാണെങ്കില്‍ 916 എന്നും നവരത്ന ആഭരണങ്ങള്‍ സെറ്റു ചെയ്യുന്ന 21 കാരറ്റ് സ്വര്‍ണമാണെങ്കില്‍ 875 എന്നും 18 കാരറ്റ് ആണെങ്കില്‍ 750 എന്നുമാണ് മുദ്രണത്തിനൊപ്പം രേഖപ്പെടുത്തുന്നത്. മാത്രമല്ല സര്‍ക്കാര്‍ അതാത് ജില്ലകളില്‍ ഓരോ ഹാള്‍മാര്‍ക്കിങ് സെന്ററുകള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ടാവും. ഇവയുടെ ലോഗോയും ഇതിനൊപ്പം ചേര്‍ക്കും. ഇപ്പോഴാണെങ്കില്‍ ജൂവലറിയുടെ പേരും ചെറുതായി രേഖപ്പെടുത്തിയിരിക്കും.

ആഭരണം ഹാള്‍മാര്‍ക്ക് ചെയ്ത വര്‍ഷവും അതില്‍ സൂചിപ്പിച്ചിരിക്കും എന്നതിനാല്‍ ആഭരണത്തിന്റെ പഴക്കവും ഏതു കാലത്തെ ഡിസൈന്‍ ആണെന്നതും കൃത്യമായി കണ്ടെത്താന്‍ സാധിക്കും. ഇത്രയും കാര്യം ആഭരണത്തിലില്ലെങ്കില്‍ സൂക്ഷിക്കണം. ആഭരണത്തിന്റെ തൂക്കം, പണിക്കൂലി, കല്ലുണ്ടെങ്കില്‍ അവയുടെ തൂക്കം, കല്ലിന്റെ വില എന്നിവ രേഖപ്പെടുത്തിയിരിക്കുന്ന രേഖയാണ് പ്രൈസ് ടാഗ് എന്ന് പറയുന്നത്. പ്രൈസ് ടാഗില്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ വെവ്വേറെ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ അത് പ്രത്യേകം ചോദിച്ചറിയാന്‍ ഉപഭോക്താവ് പ്രത്യേകം ശ്രദ്ധിക്കണം.

24 കാരറ്റ് സ്വര്‍ണമാണ് സംശുദ്ധ സ്വര്‍ണമെന്ന് പറയുമെങ്കിലും 22, 21 കാരറ്റ് സ്വര്‍ണമാവും നമുക്ക് അധികമായും ജൂവലറികളില്‍ ലഭിക്കുക. പ്രത്യേകിച്ചും ഇന്ത്യന്‍ വിപണിയില്‍. 24 കാരറ്റ് സ്വര്‍ണം പെട്ടന്ന് പൊട്ടിപ്പോവാന്‍ സാധ്യതയുള്ളതിനാലാണ് ലോഹത്തിന്റെ അളവില്‍ വ്യത്യാസം വരുത്തി സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ സിംഗപ്പൂരടക്കമുള്ള രാജ്യങ്ങളില്‍ 24 കാരറ്റ് സ്വര്‍ണത്തിനാണ് ആവശ്യക്കാര്‍ ഏറെയും.

അതായത് 99.99 ശതമാനം ശുദ്ധ സ്വര്‍ണമാണ് 24 കാരറ്റ് എന്ന് പറയുന്നത്. നേരത്തെ പറഞ്ഞത് പോലെ ഹാള്‍ മാര്‍ക്ക് ചെയ്യുമ്പോള്‍ സ്വര്‍ണത്തിന്റെ സംശുദ്ധി അനുസരിച്ചിരിക്കും എന്ന കാര്യവും ഓര്‍ക്കുക. സ്വര്‍ണത്തിന് കടും നിറം കൂടുതലെങ്കില്‍ അതില്‍ കോപ്പറിന്റെ അളവ് അധികമുണ്ടെന്ന് ഉറപ്പിക്കാം. സ്വര്‍ണത്തില്‍ വെള്ളിയുടെ അംശമാണ് അധികമെങ്കില്‍ വെളുപ്പ് നിറം വര്‍ധിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. സ്വര്‍ണം എത്ര കാരറ്റ് ആണെന്നറിയാനുള്ള കാരറ്റ് അനലൈസര്‍ എന്ന ഉപകരണം എല്ലാ ജൂവലറികളിലും ഉണ്ട്. ഇതില്‍ അളവും തൂക്കവുമടക്കം കൃത്യം കണക്ക് കാണിക്കും.

Author

Related Articles