News

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തുണ്ടായ ഇടിവ് ആശങ്കയുണ്ടാക്കുന്നത്; ജിഡിപി ഇടിവും ഗുരുതരം: രഘുറാം രാജന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക രംഗത്തുണ്ടായ ഇടിവ് ആശങ്കയുണ്ടാക്കുന്നതെന്ന്  റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ജിഡിപി വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കോവിഡ് മഹാമാരി ഇന്ത്യന്‍ വിപണിയെ അതിഭീകരമായിട്ടാണ് ബാധിച്ചതെന്നും രഘുറാം രാജന്‍ പറഞ്ഞു. തന്റെ ലിങ്ക്ഡ് ഇന്‍ പേജില്‍ എഴുതിയ കുറിപ്പിലാണ് രാജ്യത്തെ സാമ്പത്തിക നിലയെ രഘുറാം രാജന്‍ വിലയിരുത്തുന്നത്.

ഈ വര്‍ഷം ജിഡിപി ആദ്യപാദത്തില്‍ തന്നെ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള വലിയ മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസംഘടിത മേഖലകളിലെ നഷ്ടങ്ങള്‍ കണക്കാക്കുമ്പോള്‍ ജിഡിപി നിരക്കിലെ ഇടിവ് ഇതിലും വലുതായിരിക്കുമെന്ന് രഘുറാം രാജന്‍ പറയുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ വഷളാകും.

സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത് സമ്പദ് വ്യവസ്ഥയുടെ ഉത്തേജനത്തിന് പര്യാപ്തമല്ലെന്നും രഘുറാം രാജന്‍ പറഞ്ഞു. ഇപ്പോഴുള്ള അലംഭാവം മാറ്റിവച്ച് ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടികള്‍ എടുക്കണം. സര്‍ക്കാര്‍ ഇപ്പോഴത്തെ സമീപനം മാറ്റണം. കൂടുതല്‍ സാമ്പത്തിക പ്രഖ്യാപനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ഉണ്ടാവേണ്ടിയിരിക്കുന്നു.

ഭാവിയില്‍ സാമ്പത്തിക രംഗത്തെ കുതിപ്പ് പ്രതീക്ഷിച്ച് നമ്മുടെ വിഭാവങ്ങള്‍ കാത്തുവയ്ക്കുന്ന തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇന്നെക്ക് കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നില്ല. എന്നാല്‍ ഇത്തരം ഒരു തന്ത്രം ശരിക്കും സ്വയം തോല്‍ക്കുന്നതിന് സമമാണ്. സര്‍ക്കാറിന്റെ ദുരിതാശ്വസവും വിപണിയിലെ പിന്തുണയുമാണ് ഇപ്പോള്‍ വേണ്ടത്. ഇത് ഇല്ലെങ്കില്‍ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ച ശേഷിയെ തന്നെ ഗുരുതരമായി ബാധിക്കും രഘുറാം രാജന്‍ പറയുന്നു.

രാജ്യത്ത് മധ്യവര്‍ഗ വിഭാഗം ചെലവിടുന്നത് കുറഞ്ഞത് വലിയ രീതിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇവര്‍ക്കായി കൂടുതല്‍ സഹായങ്ങള്‍ സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും രഘുറാം രാജന്‍ മുന്നറിയിപ്പ് നല്‍കി. സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആശ്വാസപദ്ധതികള്‍ അനിവാര്യമാണെന്നും രഘുറാം രാജന്‍ പറഞ്ഞു.

Author

Related Articles