News

കര്‍ഷകര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതിയുമായി സര്‍ക്കാര്‍; മാസം 5,000 രൂപ വരെ

സംസ്ഥാനത്തെ കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് പുതിയ പെന്‍ഷന്‍ പദ്ധതിയുമായി സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് മാസം 5,000 രൂപ വരെ പെന്‍ഷന്‍ ഉറപ്പുവരുത്തുകയാണ് കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ ലക്ഷ്യം. ഉപയോക്താക്കള്‍ക്കു പദ്ധതിയില്‍ അംഗമാകുന്നതിനുള്ള വെബ്സൈറ്റിന്റെ ഉദ്ഘാടനം നാളെ കഴിഞ്ഞ് (ഡിസംബര്‍ ഒന്ന്) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നിലവില്‍ കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് തുടര്‍ന്ന് ക്ഷേമനിധി മുഖേനയാകും പെന്‍ഷന്‍ ലഭിക്കുക.

മൂന്നു വര്‍ഷമായി കൃഷി പ്രധാന ഉപജീവനമാര്‍ഗമാക്കിയ ആര്‍ക്കും പദ്ധതിയില്‍ അംഗമാകാം. പദ്ധതിയില്‍ അംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസും ഉയര്‍ന്ന പരിധി 55 വയസുമാണ്. അതേസമയം മറ്റു സമാന പദ്ധതികളില്‍ അംഗമായവര്‍ക്കു പുതിയ പദ്ധതിയുടെ ഗുണഫലം ലഭിക്കില്ല. 100 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. അഞ്ചു സെന്റ് മുതല്‍ 15 ഏക്കര്‍ വരെ കൃഷി ഭൂമിയുള്ളവര്‍ക്കു പെന്‍ഷന്‍ ലഭിക്കും.

വാര്‍ഷിക വരുമാനം അഞ്ചു ലക്ഷം രൂപയില്‍ കൂടരുത്. ഉദ്യാന കൃഷി, ഔഷധ സസ്യക്കൃഷി, നഴ്സറി എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂല്‍പ്പുഴു, കോഴി, താറാവ്, ആട്, മുയല്‍, കന്നുകാലി ഉള്‍പ്പെടെയുള്ളവയെ പരിപാലിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പെന്‍ഷന്‍ പദ്ധതി ആയതിനാല്‍ പ്രീമിയം നിര്‍ബന്ധമാണ്. എന്നാല്‍ സര്‍ക്കാര്‍ പദ്ധതി ആയതുകൊണ്ട് വളരെ കുറഞ്ഞ പ്രീമിയം ആണ് നിശ്ചയിച്ചിരിക്കുന്നത്. 100 രൂപ മുതല്‍ 250 രൂപ വരെയാണ് കുറഞ്ഞ പ്രീമിയം. ഉപയോക്താക്കളുടെ പ്രീമിയത്തിനു തുല്യമായ തുക സര്‍ക്കാരും നിക്ഷേപിക്കും. പ്രീമിയം മാസം, ആറ് മാസം, വര്‍ഷം അടിസ്ഥാനത്തില്‍ അടയ്ക്കാം.

60 വയസ് മുതലാകും ഉപയോക്താക്കള്‍ക്കു പെന്‍ഷന്‍ ലഭിക്കുക. എന്നാല്‍ ഇവിടെ ചില നിബന്ധകള്‍ ഉണ്ട്. കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിയും പ്രീമിയം അടച്ചിരിക്കണം. കുടിശികയില്ലാതെ ക്ഷേമനിധിയില്‍ അംഗമായി തുടരുകയും വേണം. നിക്ഷേപത്തുകയ്ക്ക് ആനുപാതികമായാകും പെന്‍ഷന്‍ ലഭിക്കുക. പരമാവധി 5,000 രൂപ വരെയാകും ലഭിക്കുക. അഞ്ചു വര്‍ഷം പ്രീമിയം അടച്ചശേഷം മരണമടയുന്ന ഉപയോക്താക്കളുടെ കുടുംബത്തിനാണ് പദ്ധതി പ്രകാരമുള്ള പെന്‍ഷന്‍ നല്‍കും.

Author

Related Articles