News

കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തില്‍ ഉയര്‍ച്ച; 13 ശതമാനം വര്‍ധന

കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടയിലും 2020ല്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) 13 ശതമാനം ഉയര്‍ന്നു. യു.കെ., യു.എസ്., റഷ്യ തുടങ്ങിയ വന്‍ സാമ്പത്തിക ശക്തികള്‍ക്ക് എഫ്ഡിഐയില്‍ ഇടിവുണ്ടായപ്പോള്‍ ഇന്ത്യയും ചൈനയും വളര്‍ച്ച കൈവരിച്ചതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.

5,700 കോടി ഡോളറാണ് ഇന്ത്യയിലേക്ക് കഴിഞ്ഞവര്‍ഷം ഒഴുകിയെത്തിയ നേരിട്ടുള്ള വിദേശനിക്ഷേപം. ഡിജിറ്റല്‍ മേഖലയിലേക്ക് എത്തിയ നിക്ഷേപങ്ങളാണ് ഇന്ത്യയ്ക്ക് നേട്ടമായത്. റിലയന്‍സ് ജിയോ, റിലയന്‍സ് റീട്ടെയില്‍ എന്നിവിടങ്ങളിലേക്ക് ഫെയ്‌സ്ബുക്ക് അടക്കമുള്ള ആഗോള കമ്പനികള്‍ നടത്തിയ മൂലധന നിക്ഷേപം വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു.

അതേസമയം, ആഗോള തലത്തില്‍ എഫ്.ഡി.ഐ. 42 ശതമാനം ഇടിഞ്ഞ് 85,900 കോടി ഡോളറായി. 2019-ല്‍ ഇത് 1.5 ലക്ഷം കോടി ഡോളറായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ വ്യാപാര-വികസന സമ്മേളനം പുറത്തിറക്കിയ ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രെന്‍ഡ് മോണിറ്റര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 2008-09 ആഗോള സാമ്പത്തിക പ്രതിസന്ധിഘട്ടത്തില്‍ പ്രകടമായതിനേക്കാള്‍ 30 ശതമാനത്തിലധികം താഴെയാണ് 2020-ലെ ആഗോള എഫ്ഡിഐ. വികസിത രാജ്യങ്ങളിലാണ് ഇടിവ് കൂടുതല്‍. ഈ രാജ്യങ്ങളിലേക്കുള്ള ഫണ്ടിന്റെ ഒഴുക്ക് 69 ശതമാനമാണ് കുറഞ്ഞത്. 2021-ലും എഫ്ഡിഐ. ദുര്‍ബലപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

Author

Related Articles