News

ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷം; തൊഴിലില്ലായ്മ നിരക്കില്‍ 7.78 ശതമാനം വര്‍ധന; നാല് മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷം. ഫെബ്രുവരിയിലെ കണക്കുകള്‍ അനുസരിച്ചാണ് വിവരം പുറത്ത് വന്നത്. ഫെബ്രുവരിയില്‍ തൊഴിലില്ലായ്മ നിരക്ക് 7.78 ശതമാനമാണ് വര്‍ധിച്ചത്. 2019 ഒക്ടോബറിന് ശേഷമുള്ള നിരക്കുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതേസമയം ജനുവരിയില്‍ ഇത് 7.16 ശതമാനം മാത്രമായിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന മാന്ദ്യത്തിന്റെ ആഘാതമാണിതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി തിങ്കളാഴ്ച പുറത്ത് വിട്ട വിവരങ്ങള്‍ പറയുന്നു.

2019 ന്റെ അവസാന മൂന്ന് മാസങ്ങളില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് ആറ് വര്‍ഷത്തേക്കാളും മന്ദഗതിയിലായിരുന്നു. ഇപ്പോള്‍ ആഗോള തലത്തില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യയുടെ വളര്‍ച്ചയെ വീണ്ടും തടസ്സപ്പെടുത്തുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 

ഫെബ്രുവരിയില്‍ ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് 7.37 ശതമാനമായി കൂടിയിട്ടുണ്ട്. ഇത് ജനുവരിയില്‍ 5.97 ശതമാനമായിരുന്നു. അതേസമയം പട്ടണങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് കുറയുകയാണ് ചെയ്തിട്ടുള്ളത്. 9.70 ശതമാനത്തില്‍ നിന്ന് 8.65 ശതമാനമായിയാണ് കുറഞ്ഞത് എന്നും മുംബൈ കേന്ദ്രമായ സിഎംഐഇ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

News Desk
Author

Related Articles